കോഴിക്കോട്: ജീവിക്കാനുള്ള അവകാശത്തിനായി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പൊതുപണിമുടക്കിൽ മുഴുവൻ ജനങ്ങളും കൈകോർത്തുവെന്നത് ചരിത്രസംഭവമാണെന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ - തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം കൂടുതൽ ശക്തമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

പണിമുടക്കിനോടനുബന്ധിച്ച് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സിറ്റി സംയുക്ത ട്രേഡ് യൂണിയൻ - സർവിസ് സംഘടനാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വ്യവസായ കേന്ദ്രങ്ങളും ഗ്രാമീണ മേഖലയും ഉൾപ്പെടെ എല്ലാം നിശ്ചലമായി. രാഷ്ട്രീയവ്യത്യാസം മറന്ന് എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചുവെന്നതു തന്നെയാണ് ഈ പണിമുടക്ക് ചരിത്ര വിജയമാക്കിയത്. ദുരിതപൂർണമായ ജീവിതം നയിക്കുന്ന ജനകോടികളുടെ പ്രതിഷേധത്തിന്റെ കരുത്ത് രാജ്യമെങ്ങും ദൃശ്യമാവുകയായിരുന്നു.

നാളിതു വരെയില്ലാത്ത തരത്തിൽ രാജ്യത്തെ പൂർണമായും തകർത്തുകൊണ്ടാണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല ഉള്ള തൊഴിലുകൾ കൂടി ഇല്ലാതാവുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റു തുലയ്ക്കുന്നു. ഉത്പന്നങ്ങളുടെ വിലയിടിഞ്ഞതോടെ കാർഷിക മേഖല തകർച്ച നേരിടുകയാണ്. ജനങ്ങളുടെ ക്രയശേഷി കുറഞ്ഞുകൊണ്ടിരിക്കുന്നു. ജനങ്ങൾക്ക് ആശ്വാസകരമായിരുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ തകർത്ത് പൂർണമായും കുത്തകകൾക്ക് അനുകൂലമായ ഭരണമായി മാറിയിരിക്കുന്നു മോദി സർക്കാരിന്റേത്.

ജനങ്ങൾ ഒന്നിച്ച് പോരാട്ടത്തിനിറങ്ങുമ്പോൾ മതത്തിന്റെ പേരിൽ അവരെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് കേന്ദ്ര സർക്കാർ. പൗരത്വ നിയമ ഭേദഗതിയിലൂടെയും ജനങ്ങളെ ഭിന്നിപ്പിച്ച് അതുവഴി തങ്ങൾക്കെതിരെ ഉയരുന്ന പോരാട്ടങ്ങൾ തകർക്കാനാണ് സർക്കാരിന്റെ ശ്രമം. ഇത്തരമൊരു സാഹചര്യത്തിൽ തൊഴിലാളികളും പൊതുജനങ്ങളും കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോവേണ്ടിയിരിക്കുന്നു. വർഗീയതയെ ചെറുക്കുന്നതിനും രാജ്യത്തെ സംരക്ഷിക്കുന്നതിനുമായി കൂടുതൽ ഉത്തരവാദിത്തത്തോടെ എല്ലാവരും പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സി.പി.സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.നാസർ, അഹമ്മദ്കുട്ടി ഉണ്ണികുളം, എ.കെ.സിദ്ധാർത്ഥൻ, ബാലമുരളി, അഡ്വ. സൂര്യനാരായണൻ തുടങ്ങിയവർ സംസാരിച്ചു. ഷാജി സ്വാഗതം പറഞ്ഞു.

പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും നഗരത്തിൽ പ്രകടനം നടത്തി. മുതലക്കുളത്ത് നിന്നു ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു. ടി.ദാസൻ, സി.പി.സുലൈമാൻ, മാമ്പറ്റ ശ്രീധരൻ (സി.ഐ.ടി.യു ), പി.കെ.നാസർ, പി.വി.മാധവൻ (എ.ഐ.ടി.യു.സി), ടി.എം.സജീന്ദ്രൻ (ജോയിന്റ് കൗൺസിൽ), അഡ്വ.എം.രാജൻ, രാജീവൻ (ഐ.എൻ.ടി.യു.സി), എ.പി.അബ്ദു (എസ്.ടി.യു) തുടങ്ങിയവർ നേതൃത്വം നൽകി. പ്രകടനം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.