മാനന്തവാടി: നഗരസഭയിലെ ശ‌ൗചാലയങ്ങളുടെ അപര്യാപ്തതയിൽ പ്രതഷേധിച്ച് മാനന്തവാടി വികസന സമിതി നഗരസഭയ്ക്കു മുന്നിൽ പ്രതികാത്മക ശുചിമുറി നിർമ്മിച്ച് പ്രതിഷേധിക്കും. പഞ്ചായത്ത് മാറി നഗരസഭയായിട്ടും ശ‌ൗചാലയങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഭരണസമിതി അലംഭാവം കാണിക്കുകയാണെന്ന് വികസന സമിതി കുറ്റപ്പെടുത്തി.

പതിറ്റാണ്ടുകൾക്ക് മുമ്പ് മാനന്തവാടി ബസ് സ്റ്റാൻഡ് നിർമ്മിച്ചപ്പോഴുള്ള ശ‌ൗചാലയവും ഗാന്ധിപാർക്കിലെ ശ‌ൗചാലയങ്ങളുമാണ് ഇന്നും മാനന്തവാടിയിൽ ഉള്ളത്. സത്രീകൾക്ക് കേവലം മൂന്ന് ശ‌ൗചാലയങ്ങൾ മാത്രമാണ്
മാനന്തവാടിയിലുള്ളത്.

നഗരസഭ അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ശ‌ൗചാലയങ്ങൾ നിർമ്മിക്കുന്ന കാര്യത്തിൽ നടപടി ഉണ്ടാവാത്തതിനാലാണ് നഗരസഭയ്ക്കു മുന്നിൽ മാനന്തവാടി വികസന സമിതി പ്രതികാത്മക ശ‌ൗചാലയം ഒരുക്കിക്കൊണ്ട് റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 ന് സമരം നടത്തി പ്രതിഷേധിക്കുന്നത്.

മാനന്തവാടി മട്ടന്നൂർ നാലുവരി പാത വ്യാപാരികളുടെ ആശങ്കകൾ പരിഹരിച്ച് ഉടൻ നടപ്പിലാക്കണമെന്നും മാനന്തവാടി ഗവൺമെന്റ് ഹൈസ്‌കൂൾ പരിസരത്ത് നിർമ്മാണം നിലച്ചിരിക്കുന്ന നഗര സൗന്ദര്യവത്ക്കരണ പദ്ധതികൾ ഉടൻ ആരംഭിക്കണമെന്നും മാനന്തവാടി കൊയലേരി കൈതക്കൽ റോഡിന്റെ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്റ് ഇ.ഡി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെസി പാറയ്ക്കൽ, വൈസ് പ്രസിഡന്റ് ഷാജൻ ജോസ്, ജൊയിന്റ് സെക്രട്ടറിമാരായ കെ.എം ഷനോജ്, ജസ്റ്റിൻ ചെഞ്ചട്ടയിൽ, മുസ്തഫ .കെ, സൂപ്പി പള്ളിയാൽ,കെ.ഗിരിഷ്, ബഷീർ കടവത്ത്, ജോൺസൺ ഓണാട്ടുതോട്ടത്തിൽ എന്നിവർ സംസാരിച്ചു.