gokulam-f-c

കോഴിക്കോട്: ഗോകുലം കേരള എഫ്.സി ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്.സിയെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. വിജയവഴിയിൽ തിരിച്ചെത്താൻ ഇരു ടീമുകളും കച്ചമുറുക്കുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് സൗത്ത് ഇന്ത്യൻ ഡെർബിയ്ക്കാണ്.

വിജയിച്ചാൽ ഗോകുലത്തിന് പോയന്റ് പട്ടികയിൽ മൂന്നാമതെത്താം. നിലവിൽ നാല് കളികളിൽ നിന്ന് രണ്ട് വിജയവും ഒരു തോൽവിയും ഒരു സമനിലയും ഉൾപ്പെടെ ഏഴ് പോയന്റോടെ ലീഗിൽ ആറാമതാണ് ഗോകുലം. കഴിഞ്ഞ സീസണിലെ ഫോം തുടരാൻ കഴിയാത്ത ചെന്നൈ സിറ്റി ലീഗിൽ അഞ്ചാമതാണ്. അഞ്ച് കളികളിൽ നിന്ന് ഒരു വിജയം മാത്രമേ നിലവിലെ ചാമ്പ്യന്മാർക്ക് നേടാനായുള്ളൂ. രണ്ട് കളികളിൽ സമനില വഴങ്ങിയ അവർ രണ്ട് കളികളിൽ പരാജയപ്പെട്ടു.

നെരോക്ക എഫ്.സിക്കെതിരെ വിജയത്തോടെ സീസൺ ആരംഭിച്ച ഗോകുലം രണ്ടാം മത്സരത്തിൽ ഇന്ത്യൻ ആരോസിനെ കീഴടക്കി. എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളും നിരാശയാണ് സമ്മാനിച്ചത്. മോഹൻ ബഗാനെതിരെ എവേ മത്സരത്തിൽ പരാജയപ്പെട്ട മലബാറിയൻസ്ഹോം മാച്ചിൽ ഐസ്വാൾ എഫ്.സിയോട് സമനില വഴങ്ങുകയായിരുന്നു. ലഭിച്ച പെനാൾട്ടി കിക്ക് പോലും നഷ്ടപ്പെടുത്തിയാണ് ഗോകുലം സമനില വഴങ്ങിയത്. കളിയുടെ ഭൂരിഭാഗം സമയത്തും പത്തുപേരുമായി കളിച്ച ഐസ്വാളിനെതിരെ സമനിലയിൽ കുരുങ്ങിയത് ഗോകുലം കേരളയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

സ്ട്രൈക്കർമാരായ മാർക്കസ് ജോസഫിലും ഹെൻട്രി കിസേക്കയിലുമാണ് ഗോകുലത്തിന്റെ പ്രതീക്ഷകൾ. ഐസ്വാളിനെതിരെ മികച്ച കളി പുറത്തെടുത്ത മദ്ധ്യനിര താരം നഥാനിയേൽ ഗാർഷ്യയുടെ ഫോം നിർണായകമാകും. ആന്ദ്രെ എത്തിയാനെയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധ നിരയെ അണിനിരത്തിയിട്ടും പ്രതിരോധത്തിൽ വിള്ളൽ ഉണ്ടാകുന്നതാണ് ഗോകുലത്തിന്റെ പ്രധാന പോരായ്മ.

ആദ്യമത്സരത്തിൽ വിജയത്തടെ തുടങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാരുടെ പ്രകടനം നിരാശാജനകമാണ്. സൂപ്പർ താരം പെട്രോ മാൻസി ക്ലബ് വിട്ടതും പരിക്കുമാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. മുതർന്ന താരം കട്സുമി യുസയുടെയും ക്യാപ്ടൻ റോബർട്ടോ സുവാരസിന്റെയും പ്രകടനം പ്രതിസന്ധികൾ ചെന്നൈയ്ക്ക് നിർണായകമാകും.

" മികച്ച കളി പുറത്തെടുത്ത് വിജയിക്കാൻ തന്നെയാണ് ശ്രമം. ഐസ്വാളിനെതിരെ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ അവർ മികച്ച രീതിയിൽ പ്രതിരോധിച്ചു. അവരുടെ ഗോളി ഒരു അവസരവും നൽകിയില്ല. വിജയ വഴിയിൽ തിരിച്ചുവരും ...... ഫെർണാണ്ടോ സാന്റിയാഗോ വരേല ( ഗോകുലം കേരള എഫ്.സി പരിശീലൻ)