logo
ലോഗോ

കോഴിക്കോട്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിവിധ കരിയർ മേഖലകളുടെ മാറ്റങ്ങൾ വിശകലനത്തിന് വധേയമാക്കുന്ന എക്‌സ്‌പ്ലോർ 21സി എന്ന ദേശീയ കരിയർ സെമിനാർ ജനുവരി 17 മുതൽ 19 വരെ കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും.ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ കൊയിലാണ്ടി നഗരസഭയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എൻ.സി.ഇ.ആർ.ടി., ഗുജറാത്ത് യുണിവേഴ്‌സിറ്റി, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (മുംബൈ ), ആർ.ഐ.ഇ., ഭാരതിയാർ യൂണിവേഴ്‌സിറ്റി, തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ സെമിനാറിൽ പ്രഭാഷണം നടത്തും.പ്രശസ്ത കരിയർ വിദഗ്ദ്ധർ നയിക്കുന്ന പ്രത്യേക പ്രഭാഷണവും ഉണ്ടായിരിക്കും. ഡോ :സേതുമാധവൻ, ഡോ.രാജു കൃഷ്ണൻ, ബാബു പള്ളിപ്പാട്ടിൽ, ലവകുമാർ, രാജീവ് തുടങ്ങിയ പത്തോളം കരിയർ വിധഗ്ദ്ധർ സംവദിക്കും.

പ്രശസ്ത സാമൂഹിക പ്രവർത്തകയും ആക്ടിവിസ്റ്റുമായ ദയാബായ് ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ പ്രശസ്തരും ജീവിത വിജയം നേടിയവരുമായുള്ള മുഖാമുഖവും സംഘടിപ്പിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് റോബോട്ടിക്‌സ് വർക്ക്ഷോപ്പും ഉണ്ടായിരിക്കും. ജില്ലയിലെ വിദ്യാർത്ഥികൾക്കു മാത്രമായി അഭിരുചി പരീക്ഷയും കൗൺസിലിംഗും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. പ്രത്യേകം സജ്ജമാക്കിയ ഗാലറിയിൽ കരിയർ അനുബന്ധ ചിത്രപ്രദർശനവും നടക്കും. സെമിനാറിൽ അവതരിപ്പിക്കുന്ന മികച്ച പ്രബന്ധത്തിന് അവാർഡ് നല്കുന്നതായിരിക്കും.

പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കും. എം.എൽ.എ.കെ.ദാസൻ അദ്ധ്യക്ഷനായിരിക്കും.പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ,ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ:പി.പി.പ്രകാശൻ,ഡോ അസീം സി.എം,ഡോ.രതീഷ്‌ കാളിയാടൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.