മുക്കം (കോഴിക്കോട് ): വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൂട്ടത്തോടെ പനി പടർന്ന കാരശേരി ആനയാംകുന്ന് വി.എം.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ ഏഴു കുട്ടികൾക്ക് എച്ച് 1 എൻ 1 രോഗം കണ്ടെത്തി. ഇവരുടെ രക്തസാമ്പിൾ മണിപ്പാലിലെ വൈറോളജി ലാബിൽ പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥരീകരിച്ചത്. രോഗം കൂടുതൽ പേരിലേക്ക് പടരുന്നത് ഒഴിവാക്കാൻ സ്കൂളിനും തൊട്ടടുത്തുള്ള ഗവ.എൽ പി സ്കൂളിനും ഇന്നും നാളെയും അവധി നൽകി.
നാല് ദിവസത്തിനിടെ 212 വിദ്യാർത്ഥികൾക്കും 15 അദ്ധ്യാപകർക്കുമാണ് പകർച്ചപ്പനി ബാധിച്ചത്. എച്ച്1 എൻ1 സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി. ആശങ്കപ്പെടേണ്ടെന്ന് ഡി.എം.ഒ ഡോ.വി.ജയശ്രീ പറഞ്ഞു.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നിർദ്ദേശത്തെ തുടർന്ന് മെഡിക്കൽ കോളേജിലെയും ആരോഗ്യ വകുപ്പിലെയും ഡോക്ടർമാരുടെ വിദഗ്ദ്ധസംഘം ഇന്ന് സ്ഥലം സന്ദർശിച്ച് രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കും.പ്രാഥമിക പരിശോധനയിൽ ഒരേ സ്ഥലത്ത് നിന്ന് വരുന്നവർക്കല്ല പനി ബാധിച്ചതെന്ന് കണ്ടെത്തിയതോടെ സ്കൂളിൽ നിന്നാണ് രോഗം പടർന്നതെന്ന് വ്യക്തമാവുകയായിരുന്നു. പനി ബാധിച്ച വിദ്യാർത്ഥികൾ മുഴുവൻ ഹൈസ്കൂൾ വിഭാഗത്തിൽ ഒരേ കെട്ടിടത്തിലെ ക്ളാസ് മുറികളിൽ പഠിക്കുന്നവരാണ്. ഒരു അദ്ധ്യാപികയ്‌ക്കാണ് പനി ആദ്യം ബാധിച്ചതെന്നും കണ്ടെത്തി.
പകരുന്നത് വായുവിലൂടെ
കടുത്ത പനി, ജലദോഷം, ദേഹവേദന, തൊണ്ടവേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗാണുക്കൾ പകരുന്നത് വായുവിലൂടെയാണ്. പനി ബാധിച്ചവർ മറ്റുള്ളവരുമായി ഇടപഴകാതെ മുറിയിൽ തന്നെ തങ്ങണമെന്ന് ഡി.എം.ഒ പറഞ്ഞു. ആരോഗ്യ വകുപ്പ് മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.