വടകര: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള മതേതരത്വ സംരക്ഷണ റാലിയില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്കോട്ടയില്‍ രാധാകൃഷ്ണന് കെ.പി.സി.യുടെ കാരണം കാണിക്കല്‍ നോട്ടീസ്. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ സി.പി.എമ്മിനോടൊപ്പം പങ്കെടുക്കരുതെന്ന കെ.പി.സി.സി നിര്‍ദേശം ലംഘിച്ച് പങ്കെടുത്തതിനാണ് കോൺഗ്രസ് നേതാവിനോട് നേതൃത്വം വിശദീകരണം ചോദിച്ചത്.റാലിക്ക് നേതൃത്വം നല്‍കിയത് യു.ഡി.എഫിന്റെ തന്നെ ഘടകകക്ഷിയായ മുസ്ലിം ലീഗാണ്. ഈ പരിപാടിയില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കാളികളായിരുന്നു. ഗുജറാത്ത് എം.എല്‍.എയും പൗരത്വ നിയമത്തിനെതിരെ ദേശീയ പ്രക്ഷോഭങ്ങളിലെ പ്രധാന നേതാവുമായ ജിഗ്നേഷ് മേവാനി പങ്കെടുത്ത റാലി ജില്ലയിലെ തന്നെ ശ്രദ്ധേയമായ പ്രതിഷേധ പരിപാടിയായിരുന്നെന്നും നോട്ടീസ് ലഭിച്ചതിന് മറുപടി നല്‍കുമെന്നും കോട്ടയില്‍ രാധാകൃഷ്ണന്‍ അറിയിച്ചു.