കോഴിക്കോട്: ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച സൗരോർജ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജനുവരി 12ന് ഉച്ചക്ക് 2.30ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ എ. പ്രദീപ് കുമാർ, എം.കെ. മുനീർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.
സൗരോർജ പദ്ധതിയിലൂടെ സ്വതന്ത്രമായി വൈദ്യുതി ഉത്പ്പാദിപ്പിച്ച് വൈദ്യുതി രംഗത്ത് സ്വയം പര്യാപ്തമാവുന്ന ആദ്യ ജില്ലാ പഞ്ചായത്തായി മാറുകയാണ് കോഴിക്കോട് ജില്ല. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 43 സ്‌കൂളുകളിലും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും പ്രവൃത്തി പൂർത്തീകരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.
പദ്ധതി നിർവഹണത്തിന് മൂന്നരക്കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. കെ.എസ്.ഇ.ബി എനർജി സേവിംഗ്സ് വിഭാഗമാണ് പദ്ധതിയുടെ പൂർണ നിർവഹണ ചുമതല വഹിച്ചത്. സകൂളുകളിൽ ഐ.ടി സംവിധാനം വന്നതിനു ശേഷം വൈദ്യുതി ചാർജ് വർദ്ധിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കാൻ കഴിയും. 25 വർഷത്തേക്ക് വൈദ്യുതി ചാർജ് അടയ്ക്കേണ്ട ആവശ്യം വരുന്നില്ല.
480 കിലോ വാട്ട് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഒരു മാസം 64800 യൂണിറ്റ് വൈദ്യുതി ഇതുവഴി ഉത്പാദിപ്പിക്കും. വൈദ്യുതി ചാർജ് കഴിഞ്ഞ് ഉത്പ്പാദിപ്പിച്ച വൈദ്യുതി ഇനത്തിൽ പുതിയൊരു വരുമാനം കൂടി ജില്ലാ പഞ്ചായത്തിന് ലഭ്യമാവും. ക്ഷേമ പവർ കമ്പനിയാണ് സോളാർ പാനൽ സ്ഥാപിച്ചത്.