കോഴിക്കോട്: ചൂലൂരിലെ എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു രണ്ടാമത്തെ കെ.എസ്.ആർ.ടി.സി ബസ് സർവിസിന് തുടക്കമായി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ആദ്യയാത്രയ്ക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു.
അന്യജില്ലകളിൽ നിന്നുൾപ്പെടെ കാൻസർ സെന്ററിലേക്ക് എത്തുന്ന രോഗികളുടെ സൗകര്യാർത്ഥമാണ് വീണ്ടും സർവിസ് ആരംഭിച്ചത്. റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അഞ്ച് തവണ സർവിസുണ്ടാവും.
കെ.എസ്.ആർ.ടി.സി. എക്‌സിക്യൂട്ടിവ് ഡയരക്ടർ സി.വി.രാജേന്ദ്രൻ, ആർ.ടി.ഒ. എം.പി.സുഭാഷ് ബാബു, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഡയറക്ടർ ഐ.പ്രഭാകരൻ, ഡി.ടി.ഒ. ജോഷി ജോൺ, കെയർ ഫൗണ്ടേഷൻ ഡയരക്ടർ എൻ.സി. അബുബക്കർ തുടങ്ങിയവർ സംബന്ധിച്ചു.