: നഗരസഭയിൽ ലൈഫ്, പിഎംഎവൈ പദ്ധതികളിൽ വീട് ലഭിച്ചവരുടെ കുടുംബ സംഗമം ശനിയാഴ്ച ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. 10.30ന് ആരംഭിക്കുന്ന പരിപാടി സി കെ ശശീന്ദ്രൻ എംഎൽഎ യും, 3.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എം.എം മണിയും ഉദ്ഘാടനം ചെയ്യും.
പദ്ധതികളിൽ നഗരസഭയിൽ ഇതുവരെ 800 വീടുകൾ നൽകി. ഇതിൽ 600 വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സംസ്ഥാനസർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സംഗമം.
സംഗമത്തിൽ 20 വകുപ്പുകളുടെ അദാലത്തുകൾ, വിവിധ ബാങ്കുകളുടെ ഭവന വായ്പാ മേള, ആയൂർവേദ, അലോപ്പതി, ഹോമിയോ മെഡിക്കൽക്യാമ്പുകൾ, തൊഴിലുറപ്പ് പദ്ധതിയിലെ ക്ഷീരകർഷകർക്കുള്ള ചെക്ക് വിതരണം, കുടുംബശ്രീ വിപണന മേള, എൻയുഎൽഎം, പിഎംഎവൈ കൗണ്ടറുകൾ, 50 ശതമാനം വിലക്കുറവിലുള്ള ഭവന നിർമാണ സമഗ്രികളുടെ പ്രദർശനം, ഹരിതകർമ സേനയിൽ രജിസ്റ്റർ ചെയ്തവർക്കുള്ള കുടുംബങ്ങൾക്കുള്ള 1000 വേസ്റ്റ് ബിൻ വിതരണം, തുണിസഞ്ചി വിതരണം, പുതിയ ഭവന പദ്ധതിയിലേക്കുള്ള അപേക്ഷ സ്വീകരിക്കൽ, ഹരിത പ്രതിജ്ഞ എന്നിവ ഉണ്ടാവും. സമാപന ചടങ്ങിൽ കലക്ടർ ഡോ. അദീലഅബ്ദുള്ള ഹരിതപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.