കൽപറ്റ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപറ്റയിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. വനിതകളും വിദ്യാർഥികളുമടക്കം വൻജനാവലി പങ്കെടുത്തു.
ഗൂഡലായി കനറാ ബാങ്ക് പരിസരത്ത്നിന്ന് ആരംഭിച്ച റാലി ടൗൺ ചുറ്റി വിജയപമ്പ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിന് ജലീൽ കണിയാമ്പറ്റ, എം.പി. അബൂബക്കർ, പി. നുഅ്മാൻ, എ.സി.ആലിക്കുട്ടി, മുഹമ്മദ് കലവറ, ജമീലമേപ്പാടി. വി.വി.ഷമീർ നിഷാദ്, ആർ.വി.ഷുഹൈബ് മുഹമ്മദ്, ഷർബിന ഫൈസൽ എന്നിവർ നേതൃത്വം നൽകി.
പൊതുസമ്മേളനം എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. പൗരത്വത്തിന്റെ പേരിൽ രാജ്യം തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ രണ്ടാക്കി രാജ്യത്തെ പിളർപ്പിലേക്കാണ് നയിക്കുന്നത്. ഇതിനെതിരായി വിദ്യാർഥികളും സംഘടനകളും പാർട്ടികളും മറ്റും നടത്തുന്ന പ്രക്ഷോഭങ്ങൾക്കൊപ്പം ഇന്ത്യയിലെ എഴുത്തുകാരും ജനാധിപത്യമതേതര വിശ്വാസികളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പി.പി.എ. കരിം, വെൽഫെയർ പാർട്ടി വയനാട് ജില്ലാ സെക്രട്ടറി വിനു പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ടി.പി. യൂനുസ് അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി സി.കെ.സമീർ സ്വാഗതവും വൈസ് പ്രസിഡന്റ് നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.