lockel-must
രാമനാട്ടുകര പുളിഞ്ചുവട്ടിൽ റോഡ് ടാറിംഗ് കഴിഞ്ഞു മണിക്കൂറുകൾക്കുളിൽ ജലവിതരണ കുഴൽ പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നു

​രാമനാട്ടുകര: ടാറിംഗ് നടത്തി മിനുക്കുപണി കഴിഞ്ഞ ദേശീയപാതയിൽ മണിക്കൂറുകൾക്കുള്ളിൽ ജലവിതരണ കുഴൽ പൊട്ടി വെള്ളം റോഡിലേക്കൊഴുകി.

ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാനായി കുഴിച്ച് ഏറെ കാലമായി തകർന്നു കിടന്നിരുന്ന ദേശീയ പാത എയർപോർട്ട് റോഡ് കഴിഞ്ഞ ദിവസമാണ് ടാറിംഗ് നടത്തി പുത്തനാക്കിയത്. ഇന്നലെ രാവിലെ പണി കഴിഞ്ഞു പണിക്കാർ പോയതിനു പിന്നാലെയാണ് രാമനാട്ടുകര പുളിഞ്ചുവട്ടിൽ റോഡരികിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലാകെ പരന്നൊഴുകിയത്.

രാമനാട്ടുകര നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.നഗരസഭയിൽ 84 കിലോമീറ്ററോളം നീളത്തിൽ പൈപ്പുകൾ സ്ഥാപിച്ച് 20 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ പാതയും നഗരസഭാ പരിധിയിലെ ചെറുതും വലുതുമായ പല റോഡുകളും വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.അതുവരെയും നഗരസഭയിൽ പല റോഡുകളിലും ഗതാഗതം ദുർഘടമായിരുന്നു.പൈപ്പുകൾ സ്ഥാപിച്ച് ട്രയൽ കഴിഞ്ഞു വിതരണ കുഴലുകൾക്ക് തകരാർ ഉണ്ടെങ്കിൽ മാറ്റിയിട്ടേ റോഡുകൾ ടാറിംഗ് നടത്തുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചിരുന്നു