അമ്പലവയൽ: ചെറുകിട പുഷ്പകൃഷി സംരംഭകരുടെ ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന പുഷ്പഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 3.30-ന് അമ്പലവയലിലെ പൂപ്പൊലി ഗ്രൗണ്ടിൽ വെച്ച് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ നിർവ്വഹിക്കുമെന്ന് അമ്പലവയൽ പ്രദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.കെ.അജിത്കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


പുഷ്പകൃഷി വ്യാപകമാക്കുകയും അതിലൂടെ നിരവധി പേർക്ക് തൊഴിലും വരുമാനവും കണ്ടെത്തുകയെന്ന ലക്ഷ്യം വെച്ചാണ് വയനാട്ടിലും മലപ്പുറം ജില്ലയിലും പദ്ധതി നടപ്പിലാക്കുന്നത്. പുഷ്പകൃഷിയിലൂടെ വനിതാസംരംഭകരുടെ ശാക്തീകരണവും മെച്ചപ്പെടുത്തികൊണ്ട് ഓണംപോലുള്ള ഉൽസവ ആഘോഷ സീസണുകളിലേക്ക് വേണ്ട പുഷ്പങ്ങൾ ഇവിടെ ഉണ്ടാക്കി വരുമാന വർദ്ധനവ് ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പുഷ്പ ഗ്രാമം .
കട്ട് ഫ്ളവേഴ്സ്,കട്ട്‌ഫോളിയേജ്, പോട്ടഡ് പ്ലാൻസ് ബൾബ്സ്,സങ്കരയിനം പൂച്ചെടികൾ ,പൂക്കളിൽ നിന്നുള്ള സുഗന്ധതൈല ഉൽപ്പാദനം, ഹോർട്ടികൾച്ചർ തെറാപ്പി എന്നി മേഖലകൾക്ക് പുഷ്പഗ്രാമം പദ്ധതി ഗുണകരമാകും.

വിഷവിമുക്ത പച്ചക്കറി സംസ്ഥനമൊട്ടാകെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജീവനി 2020-ന്റെ ഉദ്ഘാടനവും യോഗത്തിൽ വെച്ച് നിർവ്വഹിക്കും.
ജനുവരി ഒന്നു മുതൽ ഏപ്രിൽ വരെയുള്ള 470 ദിവസം കൊണ്ട് പച്ചക്കറി എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യം വെച്ചാണ് കൃഷി ആരംഭിക്കുന്നത്. ഇതിനായി സ്‌കൂളുകൾ, പൊലീസ് സ്റ്റേഷൻ, ആശുപത്രികൾ തുടങ്ങിയ സർക്കാർ സ്ഥപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കൃഷി ഇറക്കുന്നു. പരാമ്പരാഗത പച്ചക്കറി വിത്തിനങ്ങളുടെ പ്രചാരണം, ദീർഘകാല പച്ചക്കറി തൈകളുടെ കൃഷി വ്യാപനം, പോഷകതോട്ടങ്ങൾ നട്ടുപിടിപ്പിക്കൽ എന്നിവയും പദ്ധതി ലക്ഷ്യത്തിൽപ്പെടും. ജീവനി 2020- പദ്ധതിയിലേക്ക് വേണ്ട മുഴുവൻ വിത്തിനങ്ങളും അമ്പലവയൽ കെ.വി.കെ യിൽ നിന്ന് നൽകും.
ഉദ്ഘാടന സമ്മേളനത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നടീൽ വസ്തുക്കളുടെ വിതരണോദ്ഘാടനം സി.കെ.ശശിന്ദ്രൻ എം.എൽ.എയും ജീവനി പദ്ധതിയുടെ ഉദ്ഘാടനം ഒ.ആർ.കേളു എം.എൽ.എയും നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രിഡന്റ് കെ.ബി.നസീമ, ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി , കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതബാബു, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലിപ്കുമാർ തുടങ്ങിയവർ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ ഡോ.ബി.രഞ്ജൻ,ഡോ. ഡോ.എസ്.സിമി, ഡോ.ശ്രീറാം എന്നിവർ പങ്കെടുത്തു.


പൂപ്പൊലി ഒന്നേകാൽ ലക്ഷം പേർ സന്ദർശിച്ചു
-പ്രവേശന ടിക്കറ്റിലൂടെ ലഭിച്ചത് 52 ലക്ഷം
-വിദേശങ്ങളിൽ നിന്നും സന്ദർശകർ

അമ്പലവയൽ : കേരള കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ അമ്പലവയലിൽ നടന്നുവരുന്ന പൂപ്പൊലി 2020 അന്താരാഷ്ട്ര പുഷ്പമേള എട്ട് ദിവസം പിന്നിട്ടപ്പോഴേക്കും ഒന്നേകാൽ ലക്ഷത്തിൽപ്പരം ആളുകൾ പുഷ്‌പോൽസവം കണ്ടു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദർശകർക്ക് പുറമെ സ്വീഡൻ,ജർമ്മനി, യു.എസ്, ബ്രിട്ടൻ, റഷ്യ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകരും പുപ്പൊലി കാണുവാനായി എത്തിച്ചേർന്നു. ടിക്കറ്റ് വിൽപ്പനയിൽ മാത്രം 52 ലക്ഷം രൂപയുടെ വരുമാനമാണ് ഇതുവരെയുണ്ടായത്.
നവീന കാർഷിക സാങ്കേതിക വിദ്യകളും ദേശീയ അന്തർദേശീയ പ്രസക്തിയുള്ള വിവിധയിനം അലങ്കാര പുഷ്പങ്ങളുടെ പ്രദർശനവും വിപണനവും, കാർഷിക സെമിനാറുകളും വിവിധയിനം മൽസരങ്ങളും ഇരുനൂറിൽപ്പരം സ്റ്റാളുകളും കാർഷിക എക്സിബിഷനും കലാസന്ധ്യകളും പൂപ്പൊലി ഉൽസവത്തിന്റെ പ്രത്യേകതയാണ്.

വെർട്ടിക്കൽ ഗാർഡൻ വിവിധ മോഡലുകൾ, റെയിൻഗാർഡൻ, മൂൺഗാർഡൻ, ഒരു ഏക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഗ്ലാഡിയോലസ് തോട്ടവും,പൂന്തോട്ടത്തിന് നടുവിലുള്ള ഫ്‌ളോട്ടിംഗ് ഗാർഡനും എഴുനൂറ്റിയമ്പതോളം റോസ് പൂക്കളും സന്ദർശകരുടെ മനകവരുന്നു. മൂന്ന് ഇനങ്ങളിലായി മാരിഗോൾഡ് ഓൾഡ് 5 ഇനം ആസ്റ്റർ പുഷ്പങ്ങൾ,25 ഇനം ഡാലിയ,4 ഇനം ക്രിസാന്തിമം എന്നിവയും പൂപ്പൊലി തോട്ടത്തിലുണ്ട്. പുഷ്‌പോൽസവം 12-ന് സമാപിക്കും.