കൽപ്പറ്റ: സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് ഒന്നാംഘട്ട ഭവനപദ്ധതിയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകളും അഴിമതിയും വിജിലൻസ് അന്വേഷിക്കണമെന്ന് യു.ഡി.എഫ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പണി പൂർത്തിയാക്കാത്ത 443 വീടുകളുടെ പൂർത്തീകരണത്തിനായി നടപ്പിലാക്കിയ ലൈഫ് ഒന്നാംഘട്ട ഭവനപദ്ധതിയിൽ 303 വീടുകളുടെ പണികൾ 8,91,21,293 രൂപ ചെലവഴിച്ച് നടപ്പിലാക്കി. ഈ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ 1,07,74,743 രൂപയുടെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയിരുന്നു. അടച്ചുറപ്പുള്ള ഒരു കിടപ്പാടം എന്ന സ്വപ്നം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാർഗരേഖയനുസരിച്ച് പ്രവർത്തിക്കാതെ ബ്ലോക്ക് പഞ്ചായത്ത് ഭരണനേതൃത്വം പ്രവൃത്തികളിൽ ക്രമക്കേടുകളും അഴിമതിയും നടത്തുന്നതിനുള്ള ബോധപൂർവമായ അവസരമുണ്ടാക്കി കൊടുക്കുകയാണ് ചെയ്തത്. ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം മുൻപ് ചെയ്ത പ്രവൃത്തികൾക്ക് വീണ്ടും ലൈഫ് പദ്ധതിയിലൂടെ തുക അനുവദിച്ചതിലൂടെ 12,29,628 രൂപ, ഭവനങ്ങളുടെ പൂർത്തീകരണത്തിനായി ആനുപാതിക വർധനവ് അനുവദിച്ച വകയിൽ 23,37,614 രൂപ, ചെയ്യാത്ത പ്രവൃത്തികൾക്ക് തുക അനുവദിച്ച് ഫണ്ട് പാഴാക്കിയ ഇനത്തിൽ 12,95,543 രൂപ, കരാറുകാർ ചെയ്യാത്ത പ്രവൃത്തികൾക്ക് തുക അനുവദിച്ച വകയിൽ 5,72,950 രൂപ, മേൽക്കൂരയ്ക്ക് മുകളിൽ ഓട് പാകാതെ അതിനുള്ള തുക കരാറുകാരന് അനുവദിച്ച വകയിൽ 96,612 രൂപ, മൂല്യനിർണയത്തിലെ അപാകത മൂലം കരാറുകാരന് കൂടുതൽ തുക നൽകിയ വകയിൽ 94,530 രൂപ, 15 ശതമാനം ലാഭവിഹിതം ഉൾപ്പെടുത്തി തുക അനുവദിച്ച വകയിൽ 10,55,104 രൂപ തുടങ്ങിയവയാണ് ഓഡിറ്റിംഗിൽ സാമ്പത്തികനഷ്ടം കണക്കാക്കിയിരിക്കുന്നത്.
ജനറൽ, എസ് സി വിഭാഗത്തിന്റെ ലിസ്റ്റിൽ അനർഹർ കയറിക്കൂടിയത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
ലൈഫിൽ ഉൾപ്പെടുത്തിയ വീടുകൾ പൂർത്തീകരിക്കാത്തതും, പൂർത്തീകരിച്ച വീടുകളിൽ തന്നെ ശുചിമുറിയും അടുക്കളയും ഇല്ലാത്തതും, ഇന്ദിരാ ആവാസ് യോജന പദ്ധതിയിൽ ട പൂർത്തീകരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തിയ ഭവനങ്ങളെയും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ചും തുടരന്വേഷണം ആവശ്യമാണെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ ലൈഫ് ഒന്നാംഘട്ട ഭവനപദ്ധതി സംബന്ധിച്ച് മുഴുവൻ കാര്യങ്ങളിലും അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.യു ജോർജ്, ജയാമുരളി, നസീറ ഇസ്മയിൽ, എ.പി കുര്യാക്കോസ്, വി.ടി ബേബി, മിനി ജോൺസൺ എന്നിവർ ആവശ്യപ്പെട്ടു.