മാനന്തവാടി: സിംഗപ്പൂരിൽ പഠനത്തോടൊപ്പം ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി വള്ളിയൂർക്കാവ് കോപ്പുറത്ത് സുനിൽ, ഭാര്യ ഗ്രേസി സുനിൽ, മേമീത്തിൽ ജോർജ്ജ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പയ്യമ്പള്ളി സ്വദേശി ജോണി എന്നയാളും മക്കളുമാണ് തട്ടിപ്പ് നടത്തിയത്. ബിരുദ പഠനം കഴിഞ്ഞ സുനിലിന്റെ മകൻ സെബിൻ, ജോർജ്ജിന്റെ മകൻ സോബിൻ എന്നിവർക്ക് സിംഗപ്പൂരിൽ സർക്കാർ കോളേജിൽ ജോലിയും പഠനവും നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരോരുത്തരിൽ നിന്നും നാലര ലക്ഷം രൂപ വീതം വാങ്ങുകയായിരുന്നു. താമസിക്കുവാൻ മുറിയും ഭക്ഷണം സ്വന്തം ഉണ്ടാക്കുവാൻ സൗകര്യവുമുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഒരു മുറിയിൽ 20 കുട്ടികളെ താമസിപ്പിക്കുകയും ഭക്ഷണത്തിനായി സമീപത്തുള്ള അമ്പലത്തിൽ പറഞ്ഞ് വിടുകയുമായിരുന്നു. ചതി മനസ്സിലാക്കിയ കുട്ടികൾ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. സിംഗപ്പൂരിലുള്ള ഷാനിനെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. ജോണിയുടെ മകൻ ഈ കുട്ടികളുടെ സുഹൃത്തും സഹപാഠിയുമാണ്. ഇയാളാണ് കുട്ടികളെ കൊണ്ടുപോകുവാൻ താത്പ്പര്യം കാണിച്ചത്.
കൂലിപ്പണി എടുത്ത് ജീവിക്കുന്നവരാണ് കുട്ടികളുടെ കുടുംബം. സ്ഥലം ബാങ്കിൽ പണയപ്പെടുത്തിയും മറ്റ് വായ്പകൾ സംഘടിപ്പിച്ചുമാണ് ഇത്രയും വലിയ തുക ഉണ്ടാക്കിയത്. കുട്ടികളെ തിരിച്ച് കൊണ്ടുവരാനുള്ള ടിക്കറ്റ് സിംഗപ്പൂരിലേക്ക് അയച്ച് കൊടുത്താണ് ഇവരെ തിരികെ എത്തിച്ചത്.
ഒരാൾക്ക് മാസം 80000 രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. രണ്ട് കുടുംബങ്ങളും ഇപ്പോൾ വളരെ സാമ്പത്തിക വിഷമത്തിലാണ്.
പൊലീസിൽ പരാതി നൽകിയതായും നടപടി ഉണ്ടായില്ലെങ്കിൽ പണം വാങ്ങിയവരുടെ വീടിന് മുന്നിൽ സത്യാഗ്രഹം ആരംഭിക്കുമെന്നും ഇവർ പറഞ്ഞു.