മാനന്തവാടി: പ്രമാദമായ കാട്ടികുളം ഇബ്രാഹിം മാസ്റ്റർ വധക്കേസിലെ പ്രതി മത്തൻ എന്ന സി.ടി മത്തായിയെ മാനന്തവാടി അഡീഷണൽ സെഷൻസ് ജഡ്ജ് വി സെയ്തലവി കുറ്റക്കാരനല്ലെന്ന്കണ്ട് വെറുതെ വിട്ടു. 2001 ഒക്ടോബർ 29ന് വൈകീട്ട് കാട്ടിക്കുളം ടൗണിൽ പനവല്ലി റോഡരികിലുളള സ്വന്തംകടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ച് ഇബ്രാഹിം മാസ്റ്ററെ തടഞ്ഞുവെച്ച് നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ച് കൈയിലുണ്ടായിരുന്ന പണം തട്ടിയെടുത്തുവെന്നായിരുന്നു കേസ്.

സംഭവം നടന്ന് 14 വർഷങ്ങൾക്ക് ശേഷമാണ് മത്തായിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതിക്ക് വേണ്ടി അഡ്വക്കറ്റ് എം.ആർ മോഹനൻ ഹാജരായി.

തൊട്ടടുത്ത സ്‌കൂൾ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരുന്നവർ പരിക്കേറ്റ നിലയിൽ കണ്ട ഇബ്രാഹിം മാസ്റ്ററെ മാനന്തവാടി ഗവ: ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.

ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചുവെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കോഴിക്കോട്‌ ക്രൈംബ്രാഞ്ച് (സി.ബി സി.ഐ.ഡി) അന്വേഷണമേറ്റടുക്കുകയും ബാബു എന്ന കൊല്ലൻ ബാബു, മത്തൻ എന്ന സി.ടി മത്തായി എന്നിവർ പണത്തിനു വേണ്ടി ഇബ്രാഹിം മാസ്റ്ററെ ആക്രമിക്കുകയായിരുന്നു എന്ന് കണ്ടെത്തി.

താനും മത്തായിയും ചേർന്നാണ് ഇബ്രാഹിം മാസ്റ്ററെ ആക്രമിച്ചതെന്ന് മത്തായിയുടെ സഹോദരനോട് കൊല്ലൻ ബാബു പറഞ്ഞിരുന്നു.

തുടർന്ന് പണം വീതം വെച്ചപ്പോൾ ഉണ്ടായ തർക്കത്തെ തുടർന്ന് മത്തായിയും താനും തെറ്റിപ്പിരിഞ്ഞുവെന്നും മത്തായി തന്നെ ആക്രമിക്കുമെന്നും പേടിയായതിനാൽ താൻ ആത്മഹത്യ ചെയ്യുമെന്നും ബാബു മത്തായിയുടെ സഹോദരനോട് പറഞ്ഞിരുന്നു. ദിവസങ്ങൾക്ക് ശേഷം അയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു.

മത്തായിയുടെ സഹോദരൻ ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറയുകയും മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകുകയും ചെയ്തിരുന്നു.

2015ൽ മത്തായിയെ അറസ്റ്റു ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന്റെ വാദം ആരംഭിച്ചത്.

പ്രശസ്ത ഫോറൻസിക് സർജൻ ഡോ. ഷെർലി വാസുവടക്കം 50 സാക്ഷികളെ കേസിൽ വിസ്തരിച്ചു.