കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്നിൽ റിപ്പോർട്ട് ചെയ്ത എച്ച്.1എൻ.1 പനി നിയന്ത്രണ വിധേയമാണെന്നും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ അറിയിച്ചു. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്‌കൂളിലും കാരശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും വൈദ്യപരിശോധന സൗകര്യം വരും ദിവസങ്ങളിലും തുടരും. മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കൺട്രോൾ റൂമിൽ നിന്നും സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും തൽസ്ഥിതി ഫോൺ മുഖേന ശേഖരിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പനിയുള്ളവർ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലും കാരശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലും ചികിത്സ തേടണമെന്ന നിർദ്ദേശം രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും നൽകി. എച്ച്.1എൻ.1 സംബന്ധമായ സംശയങ്ങൾക്ക് മുക്കം സി.എച്ച്.സിയിൽ പ്രവർത്തിക്കുന്ന കോൾസെന്ററുമായി ബന്ധപ്പെടാം. ഫോൺ - 0495 2297260.
പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ അടങ്ങുന്ന 18 സ്‌ക്വാഡുകൾ 18 വാർഡും കേന്ദ്രീകരിച്ച് ഗൃഹസന്ദർശനം നടത്തി ലഘുലേഖവിതരണവും ബോധവത്ക്കരണവും നടത്തി. പുതുതായി കണ്ടെത്തിയ പനിയുള്ളവരെ കാരശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്കും ആനയാംകുന്ന് സ്‌കൂളിൽ പ്രവർത്തിക്കുന്ന പനി ക്ലിനിക്കിലേയ്ക്കും റഫർ ചെയതു. ജില്ലാമെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ, കേന്ദ്ര ആരോഗ്യവകുപ്പ് പ്രതിനിധി ഡോ. ഷൗക്കത്തലി, കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ. ജയകൃഷ്ണൻ, എച്ച്.1.എൻ.1 ജില്ലാ നോഡൽ ഓഫീസർ ഡോ.കെ.ജെ മൈക്കിൾ, ഡി.പി.എം. ഡോ. എ.നവീൻ ജില്ലാതല പ്രോഗ്രാം ഓഫീസർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. ബ്ലോക്ക് പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ കാരശ്ശേരി പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മോഹനൻ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.