പേരാമ്പ്ര : ചെങ്ങോട് മലയിലെ 100ൽ പരം ഏക്കർ വരുന്ന മേഖലയിലെ ഖനന ഭീഷണിക്കെതിരെ സമരം വീണ്ടും സജീവമാവുന്നു . ചെങ്ങോടുമലയിൽ കരിങ്കൽ ക്വാറി യാഥാർത്ഥ്യമായാൽ അത് ജില്ലയിൽ ഏറ്റവും വലുതായിരിക്കുമെന്ന ആശങ്ക ഉടലെടുത്തതോടെയാണ് പ്രതിരോധം ശക്തമാവുന്നത് .
ഒരു വർഷം 288800 മെട്രിക് ടൺ പാറ പൊടിക്കുമെന്നാണ് കമ്പനിയുടെ ലീസ് എഗ്രിമെന്റിലുള്ളതത്രെ.രണ്ടാം സ്ഥാനത്തുള്ള കൂടരഞ്ഞി ക്വാറിയിൽ നിന്ന് 85790 മെട്രിക്ക് ടൺ ആണ് വർഷത്തിൽ പൊട്ടിക്കുന്നത്. ഇതിനെക്കാൾ നാലിരട്ടിയോളമാണ് ചെങ്ങോടുമലയിലെ നിർദ്ദിഷ്ട ക്വാറി ലക്ഷ്യമിടുന്നത്. ഇത്രയും അളവിലുള്ള പാറ കഷ്ണങ്ങൾ ചെങ്ങോടുമലയിൽ നിന്നും കൊണ്ടുപോകാൻ നിത്യേന 162 ടിപ്പറുകൾ വേണം. ഗ്രാമീണ നിരത്തിലൂടെ ഈ ടിപ്പറുകൾ നിത്യേന 332 തവണ സർവ്വീസ് നടത്തുമ്പോഴേക്കും റോഡുകൾ പൂർണമായും തകരും.
ക്രഷർ യൂണിറ്റ് യാഥാർത്ഥ്യമാവുമ്പോൾ പ്രദേശത്തെ ജലം മുഴുവൻ കമ്പനി ഊറ്റിയെടുക്കും. പ്രൊജക്റ്റ് റിപ്പോർട്ട് പ്രകാരം 24000 ലിറ്റർ വെള്ളം ഒരു ദിവസം കമ്പനിക്ക് വേണമെന്ന് പറയുന്നുണ്ട്. ഒരു വർഷം 60 ലക്ഷം ലിറ്റർ വെള്ളം കുഴൽ കിണർ കുഴിച്ചും മറ്റും ഊറ്റിയെടുക്കുമ്പോൾ പ്രദേശം മരുഭൂമിയായി മാറും. ചെങ്ങോടുമലയിൽ നിന്നും പൊട്ടിക്കാനുദ്ദേശിക്കുന്ന കല്ലിന്റെ സാമ്പത്തിക മൂല്യം 1500 കോടിയിലധികം വരും. ഇത്രയും സാമ്പത്തിക ലാഭമുള്ളതുകൊണ്ടാണ് ക്വാറി കമ്പനി വഴിവിട്ട നീക്കത്തിലൂടെ ക്വാറി തുടങ്ങാൻ ശ്രമം നടത്തുന്നതെന്നും ആരോപണമുയർന്നു.
ഖനന വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി പേരാമ്പ്ര കൈരളി വൊക്കേഷണൽ ട്രെയിനിംഗ് കോളേജ് വിദ്യാർത്ഥികളെത്തി. സമരപ്പന്തൽ സന്ദർശിച്ച വിദ്യാർത്ഥികൾ മലയിലെത്തി അതിന്റെ പാരിസ്ഥിതിക പ്രാധാന്യവും ചോദിച്ചറിഞ്ഞു. സമരസമിതി പ്രവർത്തകരായ കല്പകശ്ശേരി ജയരാജൻ, എരഞ്ഞോളി ബാലൻ നായർ, രാധൻപാവുക്കണ്ടി, വി. പി. വേലായുധൻ നായർ എന്നിവർ ചെങ്ങോടുമലയുടെ വിശേഷങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. കോളേജ് ഡയരക്ടർ സുനിത, പ്രിൻസിപ്പൽ രതീഷ്‌കുമാർ, സൗമ്യ, അയന, അമൽ, അസ് ലേഷ്, ഫാഹിക ഫർസാന, മുഹ്സിന എന്നിവർ നേതൃത്വം നൽകി.