പൂതാടി പഞ്ചായത്ത് ഭരണസമിതി പരിച്ചുവിടണമെന്ന്

പുൽപ്പള്ളി: പൂതാടി പഞ്ചായത്തിന്റെ വികസന ഫണ്ടിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ 8.17കോടി രൂപ നഷ്ടപ്പെടുത്തിയെന്ന എ ജിയുടെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണസമിതിയെ പിരിച്ചുവിടാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വിശ്വനാഥൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗപ്പെടുത്തിയാണ് അവാർഡുകൾ വാങ്ങിക്കൂട്ടിയതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചായത്തിന്റെ ഷോപ്പിംഗ്‌കോംപ്ലക്സ് മുറികൾ ലേലം ചെയ്തു കൊടുക്കാത്തതിനാൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പഞ്ചായത്തിന് ഉണ്ടായത്. ജലനിധി പദ്ധതിയുടെ പേരിൽ കോടികൾ ചെലവഴിച്ചിട്ടും പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ഭരണത്തിന്റെ മറവിൽ എന്തും ചെയ്യാമെന്ന ധിക്കാരമാണ് ഭരണപക്ഷം കൈക്കൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പുൽപ്പള്ളി: വേലിയമ്പം - കണ്ടാമല റോഡ് തകർന്ന് തരിപ്പണമായിട്ടും നന്നാക്കാൻ നടപടിയില്ല. റോഡ് തകർന്നുകടക്കുന്നതിനാൽ പ്രദേശവാസികൾ ദുരിതം അനുഭവിക്കുകയാണ്. അതേസമയം തൊട്ടടുത്തുള്ള ഗതാഗതയോഗ്യമായ റോഡ് വീണ്ടും റീ ടാർ ചെയ്യുകയാണെന്ന് നാട്ടുകാർ പറഞ്ഞു.

വേലിയമ്പം ട്രൈബൽ ഹോസ്റ്റലിന് സമീപത്തുനിന്ന് ആരംഭിച്ച് കണ്ടാമലയിൽ അവസാനിക്കുന്ന റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഈ മാർച്ചിനുള്ളിൽ റോഡ് നന്നാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് വിശ്വസിച്ചിരിക്കെയാണ് തകരാത്ത റോഡ് നന്നാക്കുന്ന പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. റോഡ് നന്നാക്കാത്തതിനെതിരെ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

സയൻസ് ഫെസ്റ്റ് ആരംഭിച്ചു

പുൽപ്പള്ളി: പുൽപ്പള്ളി എസ് എൻ ഡി പിയോഗം ആർട്സ് ആൻഡ് സയൻസ്‌ കോളേജിൽ സയൻസ് ഫെസ്റ്റ് ആരംഭിച്ചു. ജില്ലയിലെ വിവിധ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തുന്ന പരിപാടി പുൽപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പോൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഫിലിപ്സൺ സി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വിജയൻ കുടിലിൽ, എം ഡി അലക്സ്, എം എസ് അമൽ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കായി എക്സിബിഷൻ, വർക്ക്‌ഷോപ്പ്, വിവിധ മത്സരങ്ങൾ എന്നിവ നടത്തും. ശനിയാഴ്ച ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി മത്സരങ്ങളും വൈകിട്ട് 6.30 മുതൽ ആകാശ നിരീക്ഷണവും ഒരുക്കിയിട്ടുണ്ട്. നിരവധിപേർ പ്രദർശനം കാണാൻ എത്തുന്നുണ്ട്.


(ഫോട്ടൊ- സയൻസ് ഫെസ്റ്റ് കാണാൻ എത്തിയവർ)

പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ്‌ മേരീസ് ഫൊറോന ദേവാലയത്തിൽ തിരുന്നാൾ മഹോത്സവത്തിന് തുടക്കമായി. വികാരി ഫാ. ചാണ്ടി പുനക്കാട്ട് കൊടിയേറ്റ് നടത്തി. തുടർന്ന് നടന്ന കുർബാനയ്ക്ക് ഫാ. മാത്യു മാടപ്പള്ളിക്കുന്നേൽ മുഖ്യകാർമ്മികത്വം വഹിച്ചു. 13 ന് ദിവ്യ കാരുണ്യ പ്രദക്ഷിണം, ബൈബിൾ നാടകം 'വി. പത്രോസ്' എന്നി​വ നടക്കും. 14 ന് വൈകിട്ട് തിരുന്നാൾ പ്രദക്ഷിണം. 15 ന് സ്‌നേഹ വിരുന്നോടെ പെരുന്നാൾ സമാപിക്കും.


(ഫോട്ടൊ- മുള്ളൻകൊല്ലി സെന്റ്‌മേരീസ് പള്ളിപെരുന്നാളിന് തുടക്കം കുറിച്ച് ഫാ. ചാണ്ടി പുനക്കാട്ട് കൊടി ഉയർത്തുന്നു.)