വടകര: കരിമ്പനപ്പാലത്ത് നഗരത്തിലെ മാലിന്യങ്ങള്‍ പേറേണ്ടിവരുന്ന കരിമ്പനതോട് പരിസരവാസികളുടെ പ്രശ്‌നങ്ങള്‍ ഒരിടവേളക്കുശേഷം വീണ്ടും ഉയരുന്നു. നഗരസഭയും ആരോഗ്യവിഭാഗവും ശക്തമായ നടപടികളുമായി മുന്നോട്ടപോയപ്പോള്‍ മലിനമായ കരിമ്പനതോട് ഒരു പരിധിവരെ വൃത്തിയുള്ളതായിരുന്നു. തോടിലെ മാലിന്യങ്ങള്‍ എടുത്ത് വെള്ളം തെളിഞ്ഞതോടെ തോടിന്റെ ഇരുകരകളിലുമുള്ള നൂറുകണക്കിന് കുടുംബങ്ങളും ആശ്വാസത്തിലായിരുന്നു.

എന്നാല്‍ തോടിലേക്ക് കക്കൂസ് മാലിന്യങ്ങളടക്കം വീണ്ടും ഒഴുക്കിവിട്ടതാണ് സ്ഥിതി വഷളാക്കിയത്. പ്ലാസ്റ്റിക്കും ജൈവ മാലിന്യങ്ങളുമായി തോട്ടിൽ വീണ്ടും പഴയതുപോലെ കറുത്ത നിറമുള്ള വെള്ളമായി മാറി. ഇതേതുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ തോട് മണ്ണിട്ടുമൂടിയത്.

നഗരസഭ ശക്തമായ പരിശോധനകള്‍ നടത്തിയിരുന്നപ്പോള്‍ തോട്ടിലേക്ക് നഗരത്തിലെ സ്ഥാപനങ്ങള്‍ കക്കൂസ് മാലിന്യം തള്ളുന്നത് നിര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാലിന്യം തോട്ടിലേക്ക് തള്ളുന്നത് നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഇതോടെ അധികാരികള്‍ സ്ഥലത്തെത്തി സ്ഥാപനം അടപ്പിച്ചു. നഗരത്തില്‍ ഓവുചാലുകളുടെ അറ്റകുറ്റപണികള്‍ നടക്കുമ്പോള്‍തന്നെയാണ് ഇത്തരത്തില്‍ തോട്ടിലേക്ക് മാലിന്യം തള്ളുന്നത്. അധികാരികളുടെ പരിശോധനയില്‍ അയവുവരുമ്പോള്‍ തോട് മാലിന്യപൂരിതമാവുകയാണ്. ഒരുകാലത്ത് മത്സ്യബന്ധനമടക്കം നടത്തി തോടിനെ ആശ്രയിച്ച് ജീവിച്ചിരുന്നവരാണ് ഇപ്പോള്‍ ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടുന്നത്.

വിവിധ ഭരണനിർവ്വഹണ മേഖലകൾ കേന്ദ്രീകരിച്ച് നാട്ടുകാരുടെ വര്‍ഷങ്ങള്‍ നീണ്ട ശക്തമായ സമരങ്ങള്‍ക്കുശേഷമാണ് കരിമ്പനതോട് മാലിന്യമുക്തമാക്കാന്‍ നടപടിയായതും സാധ്യമായതും. തോടും കായലുകളും ശുചീകരണത്തിനായി നാട്ടുകാർ സംഘടിക്കുന്നതിടയിലാണ് ഇവിടെ വീണ്ടും തോട്ടിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത്. ഇതിൽപരിസരവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്.