അമ്പലവയൽ: അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പുഷ്പകൃഷിയെ അടിസ്ഥാനമാക്കിയുളള സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു.നെതർലാന്റ് സർക്കാറിന്റെ സഹകരണത്തോടെ 23 കോടി രൂപ ചെലവിലാണ് ലോകനിലവാരമുളള കേന്ദ്രം സ്ഥാപിക്കുക.ഇതിനുളള കരാർ ഒപ്പിട്ടതായും അദ്ദേഹം പറഞ്ഞു. അമ്പലയൽ ഗവേഷണ കേന്ദ്രത്തിൽ നടന്ന പുഷ്പഗ്രാമ കർഷക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് ഏക്കർ സ്ഥലം അതിനായി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ടിഷ്യൂകൾച്ചർ ലാബ് പ്രവർത്തന സജ്ജമാകുകയും വിദേശരാജ്യത്ത് നിന്ന് ഏത് തരത്തിൽപ്പെട്ട പൂക്കകളും ഇലകളും ഇറക്കുമതി ചെയ്യാനുളള ലൈസൻസും ലഭിക്കുന്നതോടെ കേരളത്തിലെ പുഷ്പകൃഷിയുടെ ഹബ്ബായി വയനാട് ജില്ല മാറും. ജില്ലയുടെ ഏറ്റവും വരുമാനദായകമായ കൃഷിയായി പുഷ്പകൃഷി മാറും.
പുഷ്പ ഗ്രാമങ്ങൾ സ്ഥാപിക്കുന്നു
വില്ലേജ്തലത്തിൽ പുഷ്പഗ്രാമങ്ങൾ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടത്തിൽ വയനാട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 3.13 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. വില്ലേജ് തലത്തിൽ പുഷ്പകൃഷി ചെയ്യാൻ തയ്യാറുളള കർഷകരുടെ ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് പ്രവർത്തനം. ഓരോ ക്ലസ്റ്ററിലും അമ്പത് വരെ അംഗങ്ങളുണ്ടാകും. വയനാട് ജില്ലയിൽ 40 ക്ലസ്റ്ററുകളും മലപ്പുറത്ത് 60 ക്ലസ്റ്ററുകളുമാണ് രൂപീകരിക്കുക. ബ്ലോക്ക് തലത്തിൽ ഒരുക്കുന്ന കളക്ഷൻ സെന്റർ വഴി പുഷ്പങ്ങൾ തരംതിരിച്ച് ഗ്രേഡിംഗ്,പാക്കിംഗ് എന്നിവ നടത്തും. പുഷ്പഗ്രാമങ്ങൾ ഒരുക്കുന്നതിനായി ജില്ലയ്ക്ക് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
നടീൽ വസ്തുക്കൾ,ജൈവവളം,പോളീഹൗസ്,ജലസേചനം എന്നിവയ്ക്കായി തുക വിനിയോഗിക്കും. ബ്ലോക്ക് ലവൽ കളക്ഷൻ സെന്ററുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 3 ലക്ഷം രൂപയും പ്രവർത്തന ഫണ്ടിനത്തിൽ 1 ലക്ഷം രൂപയും നൽകും. ജില്ലയിൽ രണ്ട് കളക്ഷൻ സെന്റുകളാണ് ഉളളത്. ഇതിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുഷ്പങ്ങൾ തരംതിരിച്ച് ഗ്രേഡിംഗ്,പാക്കിംഗ് എന്നിവ നടത്തുന്ന പുഷ്പ വിപണന സംഘത്തിന് 10 ലക്ഷം രൂപയാണ് അനുവദിച്ചത്.
സംസ്ഥാനത്തെ മുഴുവൻ പുഷ്പകർഷകരെയും ഉൾപ്പെടുത്തി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ ഫോർ ഹോർട്ടീകൾച്ചർ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ലോക വിപണിയിലേക്ക് പൂക്കളും അലങ്കാര ചെടികളും കയറ്റുമതി ചെയ്യുന്ന അതിവിപുലമായ സംവിധാനം ഒരുക്കുക. കർഷകർക്ക് പുതിയൊരു വരുമാന സ്രോതസ് കൂടി ഉണ്ടാക്കി കൊടുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നടീൽ വസ്തുക്കൾ ഉൽപാദിപ്പിച്ച നൽകുന്ന പ്രധാന സാഥാപനമായി അമ്പലവയലിലെ ഗവേഷണ കേന്ദ്രം മാറും. ഇതിനായി 40 ലക്ഷം രൂപ കേന്ദ്രത്തിന് നൽകും.ഒരു ലക്ഷം റോസാ ചെടികൾ വിതരണം ചെയ്യാനുളള ശേഷി നിലവിൽ കേന്ദ്രത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രോജക്ടുകൾക്ക് 75 ശതമാനം സബ്സ്ഡി
പുഷ്പകൃഷിയുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന പദ്ധതികൾക്ക് 75 ശതമാനം സബ്സിഡി നൽകുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ.താൽപര്യമുളള കർഷകരെ മാത്രം ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കിയാൽ മതിയെന്നും മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പൂക്കളും അലങ്കാരചെടികളും കയറ്റുമതി ചെയ്യുകയെന്നതാണ് കൃഷിമന്ത്രി എന്ന നിലയിൽ തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ 40 കോടിയുടെ പദ്ധതികൾ
ജില്ലയിൽ ഈ വർഷം 40 കോടിയോളം രൂപയുടെ പദ്ധതികളാണ് വിവിധ ഘടകങ്ങളിലായി ചെലവഴിക്കുന്നതെന്ന് കൃഷി മന്ത്രി പറഞ്ഞു. റീബിൾഡ് കേരളയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പിന്റെയും മണ്ണ് സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ 13 കോടി രൂപയാണ് ചെലവിടുന്നത്.
യോഗത്തിൽ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ,ഒ.ആർ കേളു,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സീതാ വിജയൻ,ബീനവീജയൻ,കാർഷിക ഗവേഷണ കേന്ദ്രം എ.ഡി.എ കെ. അജിത് കുമാർ, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ ആൻസി ജോൺ,പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.സുരേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.