ജില്ലയിൽ വൈദ്യൂതി ഭവൻ സ്ഥാപിക്കും
:മന്ത്രി എം.എം.മണി
കൽപ്പറ്റ: വയനാട്ടിൽ വൈദ്യുതി ഭവൻ സ്ഥാപിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. വൈദ്യുതി ഭവൻ സ്ഥാപിക്കുന്നതിനുളള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മറ്റ് നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ നടത്തുന്ന വൈദ്യുതി അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൽപ്പറ്റ എം.സി ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വൈദ്യുതി ഭവൻ ഇല്ലാത്ത ഏക ജില്ലയാണ് വയനാട്.
പുതിയകാലത്തേക്ക് ആവശ്യമായ മുന്നേറ്റങ്ങൾ ഏറ്റെടുക്കാൻ വൈദ്യുതി വകുപ്പ് തയ്യാറാണ്. വൈദ്യുതി രംഗത്തെ വരുംകാല ആവശ്യങ്ങൾ നിറവേറ്റാൻ തക്കനിലയിലുളള ട്രാൻസ് ഗ്രിഡ്, ദ്യുതി തുടങ്ങിയ പരിപാടികളുമായി സജീവമായി രംഗത്തുണ്ട്. പ്രസരണ മേഖലയുടെ ആധുനികവൽക്കരണത്തിനുളള ട്രാൻസ് ഗ്രിഡ് പദ്ധതിക്ക് 10,000 കോടിയും വിതരണ മേഖലയുടെ ആധുനികവൽക്കരണത്തിനുളള ദ്യുതി 2021 പദ്ധതിക്ക് 4000 കോടിയുമാണ് ചെലവിടുന്നത്.
വൈദ്യുതി ഉൽപാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ ജല വൈദ്യുതി പദ്ധതികൾ അടക്കമുളള സാധ്യതകളും ഉപയോഗപ്പെടുത്തും. 1000 മെഗാവാട്ട് സൗരോർജ്ജം ഉൽപാദിപ്പിക്കാൻ ആവശ്യമായ കർമ്മപരിപാടികൾ ബോർഡ് ആവിഷ്‌ക്കരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ അധികാരത്തലേറിയപ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി മുടക്കം, ലോഡ് ഷെഡിംഗ് എന്നിവ ഒഴിവാക്കാൻ സാധിച്ചു. സമ്പൂർണ്ണ വൈദ്യുതീകരണത്തിൽ രാജ്യത്തിന് മാതൃകയാണ് കേരളം. വനത്തിനുളളിലൂടെ കേബിൾ വലിച്ച് വൈദ്യുതി നൽകേണ്ട ഏതാനും കേസുകൾ മാത്രമേ ഇനി ബാക്കിയുളളു. വനംവകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് അവയും പൂർത്തിയാക്കും.
ഇടുക്കി ജില്ലയിലെ ആദിവാസി കോളനിയായ ഇടമലക്കുടിയിൽ 25 കിലോമീറ്റർ വനത്തിലൂടെ കേബിൾ വലിച്ചാണ് വൈദ്യുതി കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബോർഡിന്റെ മുൻ കടബാധ്യത 7500 കോടിയാണെങ്കിലും തന്നാണ്ട് ലാഭത്തിലാണ്. ബോർഡിന്റെ മൊത്തത്തിലുളള പ്രവർത്തനം മെച്ചപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി രംഗത്തെ പരാതികൾ പരാമാവധി അദാലത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കും. ബോർഡ് തലത്തിൽ തീർപ്പാക്കേണ്ടവ അത്തരത്തിലും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഒ.ആർ കേളു, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിതാ ജഗദീഷ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, ബത്തേരി നഗരസഭാ ചെയർപേഴ്സൺ ടി.എൽ സാബു, കെ.എസ്.ഇ.ബി സി.എം.ഡി എൻ.എസ് പിളള, ചീഫ് എഞ്ചിനിയർ (ഡിസ്ട്രിബ്യൂഷൻ,നോർത്ത് മലബാർ) ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
(ചിത്രങ്ങൾ)
തീർപ്പാക്കിയത് 129 പരാതികൾ
ഉപഭോക്താക്കളുടെ വൈദ്യുതി സംബന്ധമായ പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നേരിട്ടെത്തി. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ കൽപ്പറ്റ എം.സി ഹാളിൽ നടന്ന വൈദ്യുതി അദാലത്തിലാണ് മന്ത്രി ഉപഭോക്താക്കളുടെ പരാതികൾക്ക് പരിഹാര നിർദ്ദേശങ്ങൾ നൽകിയത്.
ഉപഭോക്താക്കൾക്ക് ആശ്വസകരമായ തീരുമാനങ്ങൾ പല പരാതികളിലും ഉണ്ടായി. മുട്ടിൽ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ താമസിക്കുന്ന പി.സജിതയുടെ വീട്ടിലേക്കുളള വഴിയിലെ ഇലക്ട്രിക് പോസ്റ്റ് മാറ്റുന്നതിന് 26000 രൂപയോളം ചെലവ് വരുന്ന പ്രവൃത്തിയും ബി.പിഎൽ എസ്.ടി വിഭാഗത്തിൽപ്പെട്ട പടിഞ്ഞാറത്തറ ചുതടകണ്ടി രാജന്റെ വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കാൻ 17054 രൂപയുടെ പ്രവൃത്തിയും ബോർഡ് ഏറ്റെടുത്തു.
കെ.എസ്.ഇ.ബി സി.എം.ഡി എൻ.എസ് പിളള നേതൃത്വം നൽകി. അദാലത്തിൽ ലഭിച്ച 140 പരാതികളിൽ 129 എണ്ണത്തിനും പരിഹാരം കാണാൻ സാധിച്ചു. 11 കേസുകളിൽ സ്ഥലപരിശോധന ആവശ്യമുളള സാഹചര്യത്തിൽ 7 ദിവസത്തിനകം തീരുമാനം എടുക്കാൻ മന്ത്രി നിർദ്ദേശിച്ചു.
അനുമതിയില്ലാതെ വസ്തുവിലൂടെ ലൈൻ വലിക്കൽ, പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കൽ, സർവ്വീസ് കണക്ഷൻ, പരാതികൾ, വൈദ്യുതി ബിൽ, താരിഫ്, കുടിശ്ശിക, റവന്യൂ റിക്കവറി തുടങ്ങിയ പരാതികളായിരുന്നു ഭൂരിഭാഗവും. പൊതുജനങ്ങൾക്ക് തൽസമയം പരാതികൾ സമർപ്പിക്കാനും സംവിധാനമൊരുക്കിയിരുന്നു.
ജില്ലയിലെ 4 സബ് ഡിവിഷൻ കേന്ദ്രീകരിച്ചും ജനറേഷൻ, ട്രാൻസ്മിഷൻ എന്നീ വിഭാഗങ്ങൾക്കുമായി ആറ് കൗണ്ടറുകളാണ് അദാലത്തിൽ ഒരുക്കിയത്.
ഔദ്യോഗിക നടപടിക്രമങ്ങളുടെ ബാഹുല്യമില്ലാതെ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം നേടാൻ സാധിക്കുന്ന തരത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്.
(ചിത്രങ്ങൾ)
ലൈഫ് പദ്ധതി കുടുംബ സംഗമം നടത്തി
കൽപ്പറ്റ: ഭവന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് നൽകേണ്ട ഉത്തരവാദിത്തം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണെന്ന് മന്ത്രി എം.എം മണി. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന കൽപ്പറ്റ നഗരസഭ ലൈഫ് പി.എം.എ.വൈ ഗുണഭോക്താക്കളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ ലൈഫ് മിഷൻ പദ്ധതിയിലൂടെ സാധിക്കും. പദ്ധതി പ്രകാരം ലഭിച്ച വീടുകൾ വിൽപ്പന നടത്താതെ അവ വിപുലീകരിക്കാനുള്ള ശ്രമം ഗുണഭോക്താക്കളിൽ നിന്നുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കൽപ്പറ്റ നഗരസഭയിൽ 642 വീടുകളാണ് പദ്ധതിയിൽ നിർമ്മിച്ച് നൽകിയത്. ഗുണഭോക്താക്കൾക്ക് വീടിനൊപ്പം ജീവനോപാദി കൂടി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബസംഗമങ്ങൾ നടത്തുന്നത്.
വ്യവസായ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, റവന്യൂ വകുപ്പ്, ശുചിത്വ മിഷൻ, ഫിഷറീസ്, അക്ഷയ കേന്ദ്രങ്ങൾ, ആയുർവ്വേദ, കേരള ഗ്രാമീൺ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ വകുപ്പുകളും സംഗമത്തിൽ സേവനങ്ങളൊരുക്കിയിരുന്നു. ആയിരത്തോളം ഗുണഭോക്താക്കൾ സംഗമത്തിൽ പങ്കെടുത്തു. ഗുണഭോക്താക്കൾക്ക് തുണി സഞ്ചി, വേസ്റ്റ് ബിൻ എന്നിവയുടെ വിതരണോദ്ഘാടനവും മന്ത്രി എം.എം മണി നിർവ്വഹിച്ചു. പ്ലാസ്റ്റിക്ക് നിരോധാനം ഉറപ്പ് വരുത്തുക, പ്രകൃതി സംരക്ഷണം എന്നിവ ലക്ഷ്യമാക്കി സംഗമത്തിൽ ഹരിത പ്രതിജ്ഞ ചൊല്ലി. സംഗമ നഗരിയിൽ കാനറാ ബാങ്കിന്റെ മൊബൈൽ എ.ടി.എമ്മും, സെറ സാനിറ്ററിവെയറിന്റെ സേവനവുമുണ്ടായിരുന്നു. കുടുംബശ്രീയുടെ വിപണന മേളയും സംഗമ നഗരിയിൽ ഒരുക്കി.
സി.കെ ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സിബി വർഗ്ഗീസ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ജെ രാജേഷ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡനേറ്റർ ഹാരിസ് കെ.എ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രങ്ങൾ)
ബി.സി.എൽ.എസ് പരിശീലന പരിപാടി തുടങ്ങി
കൽപ്പറ്റ: ആരോഗ്യകേരളം വയനാട് ആർദ്രവിദ്യാലയം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാർക്കുള്ള ബി.സി.എൽ.എസ് (ബേസിക് കാർഡയോ പൾമനറി ലൈഫ് സപ്പോർട്ട്) പരിശീലന പരിപാടി കലക്ടറേറ്റിൽ തുടങ്ങി. ആസൂത്രണഭവനിലെ എ.പി.ജെ. ഹാളിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിദ്യാർത്ഥികൾക്ക് പ്രഥമശുശ്രൂഷാ പാഠം പകർന്നുനൽകുന്നതിലൂടെ അവരുടെ കുടുംബങ്ങളിലും ജീവൻരക്ഷാ മാർഗങ്ങളുടെ പ്രാധാന്യം എത്തിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് അവർ അഭിപ്രായപ്പെട്ടു. ഇതുവഴി സമൂഹത്തിലെ നാനാതുറകളിലുള്ളവർക്ക് അടിയന്തര ഘട്ടങ്ങളിൽ സമയോജിത ഇടപെടലുകൾ നടത്താൻ കഴിയും. ഡി.എം.ഒ ഡോ. ആർ.രേണുക അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി.അഭിലാഷ് പദ്ധതി വിശദീകരണം നടത്തി. ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ്സ് കേരള ചാ്ര്രപർ പ്രസിഡന്റ് ഡോ. നാസർ, സെക്രട്ടറി ബിനിൽ മാത്യു, ജില്ലാ പ്രസിഡന്റ് ഡോ. ബാബു വർഗ്ഗീസ്, സെക്രട്ടറി ഡോ. ജതേന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
പനമരം നഴ്സിങ് സ്‌കൂൾ വിദ്യാർത്ഥികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ, റെഡ്‌ക്രോസ് സൊസൈറ്റി അംഗങ്ങൾ, സ്‌പോർട്സ് കൗൺസിൽ പ്രതിനിധികൾ തുടങ്ങി 107 മാസ്റ്റർ ട്രെയിനർമാർക്കാണ് ഇന്നലെ (ജനുവരി 11) പരിശീലനം നൽകിയത്. ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ്സ് (ഐ.എസ്.എ), ഇന്ത്യൻ റെസുസറ്റേഷൻ കൗൺസിൽ (ഐ.ആർ.സി) എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം. ഐ.ആർ.സിയിൽ നിന്നുള്ള ഡോ. ബാബു വർഗീസ്, ഡോ. ഇ.കെ.എം. അബ്ദുൾ നാസർ, ഡോ. ബിനിൽ ഐസക് മാത്യു, ഡോ. പി ശശിധരൻ, ഡോ. മഞ്ജിത് ജോർജ്, ഡോ. വനോദ് എസ് നായർ, ഡോ. വിജീഷ് വേണുഗോപാൽ, ഡോ. ഡൊമിനിക് മാത്യു, ഡോ. രഞ്ജു നൈനാൻ, ഡോ. തസ്ലീം ആരിഫ്, ഡോ. പോൾ ഒ റാഫേൽ, ഡോ. സൽമാൻ, ഡോ. കൃഷ്ണൻ ജതേന്ദ്രനാഥ്, ഡോ. ചന്ദ്രൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആർ.ബി.എസ്.കെ നഴ്സുമാരർ, പാലയേറ്റീവ് ജീവനക്കാർ, ആരോഗ്യകേരളം ജീവനക്കാർ തുടങ്ങി 100 മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം ഇന്നു നടക്കും.
ചിത്രങ്ങൾ...................
1.ബി.സി.എൽ.എസ് പരിശീലന പരിപാടി കലക്ടറേറ്റിലെ എ.പി.ജെ. ഹാളിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു
2. ബി.സി.എൽ.എസ് പ്രായോഗിക പരിശീലനത്തിൽ നിന്ന്