കുന്ദമംഗലം :ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ബ്ലോക്ക് ഓഫീസ് അങ്കണത്തില്‍ തിരുവമ്പാടി എം എല്‍ എ ജോർജ് എം തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ നാല് മിഷൻ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ ഉണ്ടായതായും പദ്ധതിയിൽ വീട് ലഭ്യമായവർക്ക് സ്വയം തൊഴിലും മറ്റ് ജീവനോപാധികളും ലഭ്യമാക്കാനാണ് സംഗമത്തോടനുബന്ധിച്ച് അദാലത്ത് നടത്തുന്നതെന്നും എം എൽ എ പറഞ്ഞു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുനിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് ബിഡിഒ ഖമറുന്നിസ റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള ലൈഫ് ഗുണഭോക്തൃ കുടുംബങ്ങളിൽ നിന്നുള്ള അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 904 കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷന്‍ പ്രകാരം വീട് ലഭ്യമായത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി അദാലത്തും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലീന വാസുദേവൻ, അപ്പുക്കുട്ടൻ മാസ്റ്റർ, കെ എസ് ബീന, കെ അജിത, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.കെ റംല, കെ പി അബ്ദുറഹിമാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസൻ നായർ സ്വാഗതവും സെക്രട്ടറി പി പ്രിയ നന്ദിയും പറഞ്ഞു.