മാനന്തവാടി: അപകടാവസ്ഥയിലുള്ള അഞ്ചാംപീടിക, പുതുശ്ശേരി, കാഞ്ഞിരംകാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര നടപടി ഉണ്ടാവണമെന്ന് ആവശ്യം. 2017ൽ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച 92 ലക്ഷം രൂപ ഉപയോഗിച്ച് കാഞ്ഞിരംകാട് മുതൽ 4.200 മീറ്റർ സമ്പൂർണ്ണ ഗതാഗത യോഗ്യമാക്കി. തുടർന്ന് മൂളിതോട് വരെ അറ്റകുറ്റ പ്രവർത്തികളും നടത്തി. 2019 ൽ ഒ ആർ കേളു എം എൽ എ അനുവദിച്ച 6 കോടി രൂപയുടെ പ്രവർത്തികൾ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥകാരണം മന്ദീഭവിച്ച് കിടക്കുകയാണ്. പ്രളയത്തിൽ നാളിതുവരെ മുങ്ങാത്ത വാളേരി ഭാഗത്ത് റോഡ് ഒരു മീറ്ററോളം വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു.റോഡ് വീണ്ട് കീറുകയും വെള്ളത്തിന്റെ കുത്തൊഴുക്കിൽ കൾവർട്ടുകളുടെ കെട്ടുകൾ തകർന്ന് അടിഭാഗം കോൺക്രീറ്റടക്കം ഒഴുകിപോയി ഏത് നിമിഷത്തിലും നിലം പൊത്താവുന്ന നിലയിലാണ്. കൾവർട്ടിന്റെ അടിഭാഗം വൻ ഭീഷണിയാണ് ഉയർത്തുന്നത്. പലയിടങ്ങളിലും ചെറിയ വാഹനങ്ങൾക്ക് പോലും സൈഡ് കൊടുക്കാനിടമില്ലാത്ത സ്ഥിതിയാണ്. 30 ൽ പരം കെ എസ് ആർ ടി സി ബസ്സുകളും ചരക്ക് വാഹനങ്ങളും ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് കണ്ണൂർ ജില്ലയിലേക്കുള്ള എളുപ്പവഴി കൂടിയായ ഇതിലൂടെ കടന്ന് പോകുന്നത്.

അപകടം നടന്നിട്ട് കണ്ണ് തുറക്കുന്ന സമീപനം മാറ്റി വെച്ച് അടിയന്തിര നടപടി ഉണ്ടാവണമെന്ന് മുൻ എടവക ഗ്രാമ പഞ്ചായത്തംഗം എ.എം കുഞ്ഞിരാമൻ, അബ്ദുൽ കരീം കാഞ്ഞായി, ഡോ: തരകൻ, തെക്കുംമിറ്റത്തിൽ മത്തായി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.