കോഴിക്കോട് : പൗരത്വ ഭേദഗതി നിയമം മൂലം ലോകത്ത് ഇന്ത്യ ഒറ്റപ്പെട്ടിരിക്കുകയാണ് എം.പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച ദേശരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം ഭരിക്കുന്നവര്‍ കണ്ണുതുറന്ന് രാജ്യത്തിന്‍റെ നന്മക്ക് വേണ്ടി നിലകൊള്ളണം. ഇന്ത്യയുടെ ക്യാംപസുകളും തെരുവുകളും സമാധാനപരമായ സമരം നയിച്ചു കൊണ്ടിരിക്കുകയാണ്. ജനാധിപത്യ സംവിധാനത്തിലെ ഇത്തരം സമരങ്ങളെ സായുധരായ പൊലീസിനെ കൊണ്ട് അടിച്ചമര്‍ത്തുന്നത് നീതികരിക്കാനാവില്ല.
ബഹുസ്വരത ലോകത്തിന് കാണിച്ചു കൊടുത്ത നമ്മുടെ രാജ്യം ലോകത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ട സാഹചര്യമാണ് പുതിയ നിയമം മൂലം സംജാതമായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ സമരങ്ങളെ ജാതിയുടെയും മതത്തിന്‍റെയും നിറം നല്‍കി വര്‍ഗീയതക്കു വേണ്ടിയാണ് ഭരണകൂടം പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.