കോഴിക്കോട്: വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് എല്ലാവരും വൈദ്യുതി ഉത്പാദകരായി മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച 480 കിലോ വാട്ട് സൗരോര്‍ജ്ജ ഉത്പാദന പദ്ധതിയുടെ ഉദ്ഘാടനം നളന്ദ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വീടിന് മേലെ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചാല്‍ ലഭിക്കുന്ന വൈദ്യുതി മിച്ചമുള്ളത് കെ എസ് ഇ ബി ഗ്രിഡിലേക്ക് നല്‍കാന്‍ കഴിയും. ഇതിന് പണവും ലഭിക്കും. വ്യാപകമായ രീതിയില്‍ വീടിന് മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാനാവും.
ഈ രീതിയില്‍ സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റു പൊതുഇടങ്ങളിലുമാണ്. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അതിന് മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാൻ ആദ്യമേ ലക്ഷ്യമിടണം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജ്ജത്തിലാണ്. ഇതിന് ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡും നേടാനായി. സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനം പരിസ്ഥിതിസൗഹൃദമാണെന്ന സവിശേഷത കൂടിയുണ്ട്.
പലയിടത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈ ദിശയില്‍ മാതൃകാപരമായ ഇടപെടൽ തുടങ്ങിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന് ഇങ്ങനെയൊരു വൻപദ്ധതിയ്ക്ക് തുടക്കം കുറിക്കാനായത് സൗരോർജ്ജ ഉത്പാദന മേഖലയ്ക്ക് പുത്തനുണർവ് പകരും. ഉത്പാദനം നടക്കുന്നതോടെ വൈദ്യുതിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്ന രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്താവുകയാണ് കോഴിക്കോടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എ പ്രദീപ് കുമാര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ക്ഷേമ പവര്‍ ചെയര്‍മാന്‍ സതീഷ് ബസന്തിന് മുഖ്യമന്ത്രി ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ ബോസ് ജേക്കബ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. മിനി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് വി.ബാബു നന്ദിയും പറഞ്ഞു.