കോഴിക്കോട്: കോണ്‍ഗ്രസുകാരും മാര്‍ക്‌സിസ്റ്റുകാരും വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റുന്നതിൽ മത്സരിക്കുകയാണെന്ന് ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ എൻജിനിയറിംഗ് ആന്‍ഡ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 'പൗരത്വ നിയമ ഭേദഗതി എന്ത് ?, എന്തിന്? ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന കക്ഷികളുടെ ന്യൂനപക്ഷ പ്രീണനമാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. ഉപനിഷത്തുകളും ശ്രീശങ്കരനുമെല്ലാം പഠിപ്പിച്ചത് മനുഷ്യരെ ഒന്നായി കാണാനാണ്. ഇന്ത്യ ഒരു മനുഷ്യരാഷ്ട്രമായി കാണാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്നത് ഭരണകൂടത്തെ അട്ടിമറിക്കുള്ള നീക്കമാണെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു പറഞ്ഞു. രാഷ്ട്രവിഭജനത്തില്‍ നിന്നാണ് അഭയാര്‍ത്ഥി പ്രശ്‌നങ്ങളുടെ തുടക്കം. വിഭജനത്തിന് കാരണം കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണ്. വിഭജനസമയത്ത് ഇന്ത്യയില്‍ മൂന്ന് കോടിയായിരുന്നു മുസ്ലിങ്ങളെങ്കിൽ ഇന്ന് അത് 16 കോടിയായി വര്‍ദ്ധിച്ചു. എന്നാല്‍, 22 ശതമാനമുണ്ടായിരുന്ന പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ ഒന്നര ശതമാനമായി ചുരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. ഇ.കെ. സന്തോഷ്‌കുമാര്‍, വി.പി.വേണു, ദീപക്‌ദേവ് എന്നിവരും സംസാരിച്ചു.