കോഴിക്കോട്: സന്‍സദ് ആദര്‍ശ് ഗ്രാമ് യോജന (സാഗി) പദ്ധതി പ്രകാരം മാതൃകാ ഗ്രാമമായി വികസിപ്പിക്കുന്നതിന് രാജ്യസഭാംഗമായ എളമരം കരീം തിരഞ്ഞെടുത്ത കുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനുള്ള വില്ലേജ് വികസന പദ്ധതി അംഗീകരിച്ചു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ എളമരം കരീം എം.പിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗമാണ് 93 ഇന വികസന പദ്ധതികള്‍ക്ക് അന്തിമ അംഗീകാരം നല്‍കിയത്.
കൂടാതെ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയില്‍ നിന്നുള്ള തുക വിനിയോഗിച്ച് പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന ഒരു പദ്ധതിയും കുന്നുമ്മലിന് അനുവദിക്കുമെന്ന് എളമരം കരീം അറിയിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും ഉദ്യോഗസ്ഥരുടെ സഹകരണവും ഉണ്ടെങ്കിലേ സാഗി പഞ്ചായത്ത് യാഥാര്‍ഥ്യമാക്കാന്‍ കഴിയുകയുള്ളൂവെന്ന് എം.പി പറഞ്ഞു.
കേന്ദ്ര- സംസ്ഥാന ആവിഷ്‌കൃത പദ്ധതികളെ സംയോജിപ്പിച്ചു കൊണ്ട് നടപ്പാക്കേണ്ട സാഗിക്ക് പ്രത്യേക ഫണ്ടില്ലാത്തതിനാല്‍ ലഭ്യമായ ഫണ്ടുകളുടെ ശരിയായ രീതിയിലുള്ള വിനിയോഗം ഉറപ്പാക്കുകയാണ് വേണ്ടത്. മികച്ച കൂട്ടായ്മയിലൂടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും കുന്നുമ്മലിനെ മാതൃകാ സാഗി പഞ്ചായത്തായി മാറ്റാന്‍ കഴിയണമെന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു പറഞ്ഞു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, എ.ഡി.സി (ജനറല്‍) നിബു ടി. കുര്യന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, തുടങ്ങിയവര്‍ പങ്കെടുത്തു.