കുറ്റ്യാടി : കൃഷി ചെയ്യാൻ മനസ്സുണ്ടെങ്കിൽ എല്ലാ തടസ്സങ്ങളും വഴിമാറും. ഇത് അറിയണമെങ്കില്‍ ദേവര്‍കോവില്‍ കെ.വി.കെ.എം.എം.യു.പി സ്കൂളില്‍ വരിക. ഹരിത ഹൃദയം എന്ന പേരില്‍ സ്കൂള്‍ കര്‍ഷിക ക്ലബ്ബ് മട്ടുപ്പാവില്‍ പരിപാലിക്കുന്ന ജൈവ പച്ചക്കറി തോട്ടത്തിന്‍റെ വിജയകരമായ രണ്ടാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കാണുക.
1500 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ കളിസ്ഥലവും മറ്റ് സൗകര്യങ്ങളും കൂടി ചേര്‍ന്നപ്പോള്‍ കൃഷി ചെയ്യാന്‍ സ്ഥലമില്ലാതായി. കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ കൂടിയിരുന്ന് പരിഹാരമാലോചിച്ചു. സ്കൂള്‍ ബില്‍ഡിങിന്‍റെ മൂന്നാം നിലയിലെ ഏറ്റവും സൂര്യപ്രകാശം ലഭിക്കുന്ന 2500 സക്വയര്‍ ഫീറ്റ് സ്ഥലം ഉപയോഗപ്പെടുത്താന്‍ തീരുമാനമായി. സുരക്ഷിത വേലികളും അനുബന്ധ സൗകര്യങ്ങളുമായി മാനേജ്മെന്‍റ് മുന്നോട്ടുവന്നു.
ജലക്ഷാമമായി അടുത്ത പ്രശ്നം. തുള്ളി നന, തിരി നന സംവിധാനങ്ങളൊരുക്കി അതും പരിഹരിച്ചു. കൃഷിരീതികളിലുള്ള അനുഭവക്കുറവ് നികത്താന്‍ രക്ഷിതാക്കളായ മികച്ച കര്‍ഷരായ ഇബ്റാഹിം അടുക്കത്ത്, ജമാല്‍ തൈക്കണ്ടണ്ടി, ഷാനവാസ് കല്ലങ്കണ്ടണ്ടി, ഗിരീഷ് മരുതോങ്കര എന്നിവരുടെ നേതൃത്വത്തില്‍ രക്ഷിതാക്കളും സജീവമായതോടെ ആവശ്യത്തിന് ജൈവ വളങ്ങളുമെത്തി.
ശാസ്ത്രീയ കൃഷിപാഠങ്ങള്‍ സമയ ബന്ധിതമായി നല്‍കി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും മാതൃകയായി. മട്ടുപ്പാവില്‍ അങ്ങിനെ 500 ഓളം ഗ്രോ ബാഗുകളില്‍ വെണ്ട, ചീര, വഴുതന, മുളക്, കാപ്സിക്കം, ചോളം, പാവല്‍, പയര്‍, കാബേജ്, കോളി ഫ്ളവര്‍, തക്കാളി എന്നീ ഇനങ്ങള്‍ നട്ട് കൃഷിയുടെ ബാലപാഠത്തിന്‍റെ നേരറിവ് ഹരിത ഹൃദയം എന്ന പേരില്‍ കുട്ടികള്‍ ഹൃദയത്തിലെഴുതിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തെ പച്ചക്കറിത്തോട്ടം സന്ദര്‍ശിച്ച് കൃഷി മന്ത്രി വി.സുനില്‍കുമാര്‍ കുട്ടികളെയും വിദ്യാലയത്തേയും അഭിനന്ദിച്ചത് ഏവര്‍ക്കും വലിയ പ്രചോദനമായിരുന്നു.ഈ വര്‍ഷത്തെ ഹരിത ഹൃദയം പച്ചക്കറിത്തോട്ടം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി ജോര്‍ജ് വിത്തിടല്‍ നടത്തി ഉദ്ഘാടനം ചെയ്തു. ഹരിത ഹൃദയം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇബ്രാഹിം അടുക്കത്ത്, ജമാല്‍ തെക്കണ്ടി, ഷാനവാസ് കല്ലങ്കണ്ടി, ഗിരീഷ്മരുതോങ്കര എന്നിവരെ ചടങ്ങില് ആദരിച്ചു. കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ സീമ, കൃഷി ഓഫീസര്‍ അമൃത, കൃഷി അസിസ്റ്റന്‍റ് രമ്യ, പ്രധാനധ്യാപകന്‍ എം രാജന്‍, വി.കെ അബ്ദുല്‍ മജീദ്, ഇ.അബ്ദുല്‍ അസീസ്, പി.കെ നവാസ്, കെ.കെ അശ്റഫ്, ടി സജിഷ, സി.പി അബ്ദുല്‍ ഹമീദ്, പി.വി രാജേന്ദ്രന്‍, പി.വി നൗഷാദ്, ആമിന സെബ അനീസ് സംബന്ധിച്ചു.