കൽപ്പറ്റ: ജനം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കൽപ്പറ്റ മഹോത്സവം നാളെ തുടങ്ങുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി ഒൻപത് വരെയാണ് പ്രദർശനം. കൽപ്പറ്റ ബൈപാസ് റോഡിലെ ഫ്ളവർഷോ ഗ്രൗണ്ടിൽ ആണ് പ്രദർശനം. സായാഹ്നങ്ങളിൽ സംഗീത കലാപരിപാടികളും
ഉണ്ടാകും. സാമൂഹ്യ-സാംസ്‌കാരിക-ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളെ ഓരോ ദിവസവും നടക്കുന്ന ചടങ്ങിൽ ആദരിക്കും. അലങ്കാര മത്സ്യങ്ങളുടെ ബ്യഹത്തായ ശേഖരമാണ് പ്രദർശനത്തിലെ മുഖ്യ ആകർഷണം. അപൂർവമായി മാത്രം കാണുന്ന വിദേശപക്ഷികളുടെ പ്രദർശനം, കുട്ടികൾക്ക് അമ്യൂസ്‌മെന്റ് പാർക്ക്, ഭക്ഷ്യമേള എന്നിവ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശി ഫിറോസ്ഖാൻ കുണ്ടായിത്തോടിന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യയോഗ്യമായ പുഴുക്കളുടെ പ്രദർശനമാണ് എക്സ്‌പോയിലെ ശ്രദ്ധേയമായ മറ്റൊരു ഇനം. 1000 സ്‌ക്വയർ ഫീറ്റിൽ ഒരുക്കുന്ന ഗാർഡനും പുരാവസ്തു ശേഖരവും വിപണന സ്റ്റാളുകളും ഉണ്ടാവും.

രാവിലെ 11 മുതൽ രാത്രി ഒൻപത് വരെയാണ് പ്രദർശന സമയം. 30 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്കുള്ള സൗജന്യ ടിക്കറ്റുകൾ വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കുന്ന സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

നാളെ വൈകിട്ട് അഞ്ചിന് സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കൽപ്പറ്റ മുൻസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് അദ്ധ്യക്ഷയാവും. സിനിമാതാരം അബുസലീം മുഖ്യാതിഥിയാകും. ജനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റാഫി പുതിയകടവ്, സെക്രട്ടറി നിസാർ ഒളവണ്ണ, കോ-ഓർഡിനേറ്റർ രമേശ് കൽപ്പറ്റ, സാബിത് അലി പൂക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.