കോഴിക്കോട് : നഗരം സമ്പൂർണ്ണ ശുചിത്വത്തിലേയ്ക്ക് നീങ്ങുമ്പോൾ പ്ലാസ്റ്റിക്ക് മുക്ത നഗരത്തിന് ശുചിത്വ സന്ദേശമായി നിത്യഹരിത സംഗീത പ്രേമികളുടെ കൂട്ടായ്മയിൽ നഗരത്തിൽ സംഗീതസായാഹ്നം.

ഫെബ്രുവരി രണ്ടിന് വൈകീട്ട് 6.30 ന് ടാഗോർ ഹാളിലാണ് കോഴിക്കോട്ടെ സംഗീത കൂട്ടായ്മയിൽ യാദേൻ എന്ന പേരിൽ ഓർമ്മകളിലെ മറക്കാത്ത ഗാനങ്ങളുമായി പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത റഫി ഗായകൻ സൗരവ് കിഷന്റെ നേതൃത്വത്തിൽ അരങ്ങിലെത്തുന്ന ഗായക സംഘത്തിൽ പിന്നണി ഗായകൻ സതീഷ് ബാബുവും അണിചേർന്ന് സംഗീതത്തിന്റെ പുതിയ മാന്ത്രികത തീർക്കും.

മലയാളികളുടെപ്രത്യേകിച്ച് കോഴിക്കോട്ടുകാരുടെ മനസ്സിൽ കോറിയിട്ട മുഹമ്മദ്‌റഫി, മുകേഷ്, കിഷോർ , യേശുദാസ്, ലതാ, ആശ എന്നിവരുടെ ഗാനങ്ങൾ കഴിഞ്ഞ ഒമ്പതുവർഷമായി നഗരവേദികളിൽ ആലപിക്കുന്ന യാദേൻ കൂട്ടായ്മ ഇത്തവണ നഗര ശുചിത്വ സന്ദേശത്തിന് നഗരവാസികളെ ബോധവത്ക്കരിക്കുതിനാണ് ശ്രമിക്കുന്നത്.

ഗായകനായ അഷ്‌ക്കർ.എം, സുനിൽ.പി നെടുങ്ങാട്, സന്തോഷ് മംഗലശ്ശേരി, സജീവ് കുമാർ എന്നിവരാണ് യാദേന് നേതൃത്വം നൽകുന്നത്. വേദിയിൽ ഗായകരായ ഗോപിക മേനോൻ, ദീജു ദിവാകർ, സീ- കേരള റിയാലിറ്റി ഷോ സിംഗർ കീർത്തന തുടങ്ങിയവരും ഗാനങ്ങൾ ആലപിക്കും. പ്രശസ്ത കീ ബോർഡ് ആർട്ടിസ്റ്റ് പപ്പൻ, ഹരിദാസ് എന്നിവർ ഓർക്കസ്ട്രക്ക് നേതൃത്വം നൽകും.