sss

കോഴിക്കോട്: പുറത്താക്കപ്പെട്ട താത്കാലിക അദ്ധ്യാപകനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ വിദ്യാർത്ഥികൾ പ്രിൻസിപ്പൽ വി. ദേവിപ്രിയയെ പകൽ മുഴുവൻ മുറിയിൽ പൂട്ടിയിട്ടു. വൈകിട്ട് അഞ്ചരയോടെ പൊലീസ് എത്തിയാണ് പ്രിൻസിപ്പലിനെ പുറത്തിറക്കി താമസസ്ഥലത്തെത്തിച്ചത്.

ക്ലാസിൽ അച്ചടക്കം ഉറപ്പാക്കാനാവുന്നില്ലെന്നതും ഇത് ചൂണ്ടിക്കാണിച്ചപ്പോൾ മോശമായി പ്രതികരിച്ചതുമാണ് ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് അദ്ധ്യാപകൻ മുഹമ്മദ് സാഹിലിനെ പിരിച്ചുവിടാൻ കാരണമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. മാനേജുമെന്റുമായി കൂടിയാലോചിച്ച ശേഷമായിരുന്നു നടപടി.

വ്യാഴാഴ്ച് വൈകിട്ടാണ് പിരിച്ചുവിടൽ മെമ്മോ അദ്ധ്യാപകന് കൈമാറിയത്. വെള്ളിയാഴ്ച വിദ്യാർത്ഥികൾ സമരം ആരംഭിച്ചപ്പോൾ പൊലീസ് വന്ന് പ്രിൻസിപ്പലിന് മുറിയിൽ നിന്ന് പുറത്തിറങ്ങാൻ സാഹചര്യമൊരുക്കുകയായിരുന്നു.

ഇന്നലെ രാവിലെ പത്ത് മണിയോടെ ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിക്കുകയാണുണ്ടായത്. അദ്ധ്യാപകൻ മികച്ച നിലയിലാണ് ക്ലാസെടുത്തിരുന്നതെന്നും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നതിന്റെ പേരിലാണ് പുറത്താക്കിയതെന്നുമാണ് വിദ്യാർത്ഥികളുടെ ആക്ഷേപം. എന്നാൽ, ഈ ആരോപണം പ്രിൻസിപ്പലും മറ്റു അദ്ധ്യാപകരും തള്ളിക്കളഞ്ഞു.

പല തവണ ആവശ്യപ്പെട്ടിട്ടും ക്ലാസിൽ അച്ചടക്കം ഉറപ്പാക്കാൻ അദ്ധ്യാപകന് കഴിഞ്ഞില്ലെന്ന് കോളേജ് അധികൃതർ പറഞ്ഞു. 25 വിദ്യാർത്ഥികൾ മാത്രമുള്ള പി.ജി ക്ലാസിൽ പോലും അച്ചടക്കം പാലിക്കപ്പെടുന്നില്ലെന്ന അവസ്ഥവന്നു. അത്തരം വിദ്യാർത്ഥികളുടെ പേര് നൽകാൻ ആവശ്യപ്പെട്ടപ്പോൾ അദ്ധ്യാപകൻ അതിനു തയ്യാറായതുമില്ല. ഇന്നും നാളെയും കോളേജിൽ ക്ലാസുണ്ടാവില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.