150 അടി കരിങ്കല്ലിന് വില 7500 രൂപ

ചെങ്കല്ലിന് 33 രൂപയിൽ നിന്ന് 48 ആയി

മാനന്തവാടി: സാമ്പത്തിക വർഷം അവസാനിക്കാൻ കേവലം രണ്ടര മാസം മാത്രം ബാക്കി നിൽക്കേ സാമഗ്രികൾ ലഭിക്കാത്തതിനാൽ ജില്ലയിലെ നിർമ്മാണമേഖല സ്തംഭനത്തിലേക്കും പ്രതിസന്ധിയിലേക്കും നീങ്ങുന്നു.

കരിങ്കല്ല് ലഭിക്കാത്തതാണ് സ്വകാര്യ മേഖലയിലേയും സർക്കാർ മേഖലയിലേയും കെട്ടിട നിർമാണങ്ങളെ ഒരു പോലെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. പ്രളയത്തിന് മുമ്പ് ഏഴ് ക്വാറികൾ ജില്ലയിൽ പ്രവർത്തിച്ചിരുന്നു. പ്രളയകാലത്ത് ഇവ നിർത്തിവെപ്പിച്ചു. പിന്നീട് മൂന്ന് ക്വാറികൾക്ക് മാത്രമാണ് പ്രവർത്തനാനുമതി നൽകിയത്.

മാനന്തവാടി താലൂക്കിൽ ആകെയുണ്ടായിരുന്ന ഒരു ക്വാറിയും തുറക്കാത്തവയിൽ പെടും. ഇതോടെ കല്ലിനായി കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ക്വാറികളെ ആശ്രയിക്കേണ്ട സ്ഥിതി വന്നു.

അയൽ ജില്ലകളിലെ ക്വാറികളിൽ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നത് സാധാരണക്കാരെയാണ് ഏറെ വലയ്ക്കുന്നത്. നൂറ്റി അൻപത് അടി കരിങ്കല്ലിന് ഏഴായിരത്തി അഞ്ഞൂറ് രൂപയാണ് ഈടാക്കുന്നത്.

അമിത വില നൽകിയിട്ട് പോലും ആവശ്യത്തിന് കല്ല് ലഭിക്കുന്നില്ലെന്ന് ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പറയുന്നു. സംസ്ഥാന സർക്കാരിന്റെ പി.എം.എ.വൈ. ഉൾപ്പെടെയുള്ള ഭവന പദ്ധതിയിൽ വീടുകൾ ലഭിച്ചിട്ടുള്ള നിർദ്ധന കുടുംബങ്ങളാണ് വീട് നിർമ്മാണം പൂർത്തിയാക്കാനാകാതെ നട്ടം തിരിയുന്നത്. ചെങ്കല്ലിനാകട്ടെ അനുദിനം വിലയേറുകയാണ്. 2019 ആദ്യം 33 രൂപയുണ്ടായിരുന്ന ചെങ്കല്ലിന്റെ വില 2019 അവസാനിക്കാറായപ്പോൾ 48 രൂപയിൽ എത്തി.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രളയത്തിന് മുമ്പ് പ്രവർത്തിച്ചിരുന്ന ക്വാറികൾക്ക് അനുമതി നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്. സാധനങ്ങൾ ലഭിക്കാതായാൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവെയ്ക്കുമെന്ന് സർക്കാർ കരാറുകാർ മുന്നറിയിപ്പ് നൽകുന്നു .ഇത് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗത്തെയാണ് ദോഷകരമായി ബാധിക്കുക. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് തദ്ദേശ സ്ഥാപന ഭരണ സമിതികൾ ആവിശ്യപ്പെട്ടു.