കോഴിക്കോട്: പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് ജില്ലയിൽ ഉപജില്ലാ ഓഫീസ് ആരംഭിക്കുന്നതിന് അനുമതി നൽകിയതായി മാനേജിംഗ് ഡയറക്ടർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നാദാപുരത്താണ് പുതിയ ഓഫീസ്. ഇതോടെ ഓഫീസുകളുടെ എണ്ണം 35 ആയി.
കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലും സ്വയം തൊഴിൽ,
ബിസിനസ്സ്, വിദ്യാഭ്യാസം, പ്രവാസികൾക്കും പ്രൊഫഷണലുകൾക്കും വേണ്ടിയുള്ള പ്രത്യേക സ്വയം തൊഴിൽ വായ്പാ പദ്ധതികൾ, ഗൃഹനിർമ്മാണം, പെൺകുട്ടികളുടെ വിവാഹം, മൈക്രോ ഫിനാൻസ് തുടങ്ങി വൈവിധ്യങ്ങളായ വായ്പാ ക്ഷേമ പദ്ധതികൾ കോർപ്പറേഷൻ നടപ്പിലാക്കിയിട്ടുണ്ട്.

പുതുതായി സംരംഭം ആരംഭിക്കുന്നവർക്ക് 30 ലക്ഷം രൂപ വരെ വായ്പ അഞ്ച് മുതൽ എട്ട് ശതമാനം പലിശ നിരക്കിൽ കോർപ്പറേഷനിൽ നിന്ന് ലഭിക്കും. നിലവിലുള്ള സംരംഭകർക്ക് പ്രവർത്തന മൂലധനത്തിനും ബിസിനസ്സ് വിപുലീകരിക്കുന്നതിനും വായ്പയും നൽകുന്നുണ്ട്. മൂന്നു മുതൽ നാല് ശതമാനം പലിശ നിരക്കിൽ 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പ നൽകുന്ന പദ്ധതിയുമുണ്ട്. ഈ സാമ്പത്തിക വർഷം 500 കോടി രൂപയുടെ വായ്പാ വിതരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ ജനുവരി 10 വരെ 380 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.