മാനന്തവാടി: മാനന്തവാടി നഗരസഭയുടെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും തൊഴിൽ, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

വലിയ സാമൂഹ്യ മാറ്റത്തിന് വിധേയമാകുന്നതും സാധാരണക്കാർക്ക് അന്തസ്സാർന്ന ജീവിതത്തിന് വഴിവെക്കുന്നതുമായ പ്രവർത്തനമാണ് സർക്കാരും നഗരസഭയും ഏറ്റെടുത്ത് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.1106 വീടുകളാണ് നഗരസഭ ലൈഫ് മിഷൻ പദ്ധതിയിലൂടെ പൂർത്തീകരിച്ചത്.
കുടുംബ സംഗമത്തിന്റെ ഭാഗമായി നടന്ന അദാലത്തിൽ സിവിൽ സപ്ലൈസ്,കൃഷി, സാമൂഹ്യനീതി,ഐ.ടി, ഫിഷറീസ്, വ്യവസായം,പട്ടികജാതി, പട്ടിക വർഗ്ഗ വികസന വകുപ്പ്, ക്ഷീരവികസനം,ആരോഗ്യം, റവന്യൂ, ശുചിത്വമിഷൻ, വനിതാശിശുവികസനം, ഗ്രാമവികസനം, പബ്ലിക് റിലേഷൻസ് തുടങ്ങിയ വകുപ്പുകളും,കുടുംബശ്രീ ,ലീഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും ഗുണഭോക്താക്കൾക്കായി വിവിധ സേവനങ്ങളൊരുക്കിയിരുന്നു. ആയിരത്തോളം ഗുണഭോക്താക്കൾ ആണ് പരിപാടിയിൽ പങ്കെടുത്തത്.

മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ്, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ,വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.ടി.ബിജു,ലൈഫ് മിഷൻ കോ ഓഡിനേറ്റർ സിബി വർഗ്ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശാരദ സജീവൻ, നഗരസഭ സെക്രട്ടറി കെ.അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

(ചിത്രം)


17 ഗോത്ര കുടുംബങ്ങൾ പുതിയ വീട്ടിലേക്ക്
മാനന്തവാടി: പ്രളയകാലത്തെ താണ്ടി തൃശ്ശിലേരി പ്ലാമൂല തച്ചറകൊല്ലി കോളനിക്കാർ ഇനി പുതിയ വീട്ടിലേക്ക്. പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട പതിനേഴ് പട്ടിക വർഗ്ഗ കുടുംബങ്ങൾക്കാണ് വീടെന്ന സ്വപ്നം യാഥാർത്ഥ്യമായത്. വീടുകളുടെ താക്കോൽദാനം തൃശ്ശിലേരി താഴെ മുത്തുമാരിയിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിച്ചു. ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വടകര ആസ്ഥാനമായ സന്നദ്ധ സംഘടനായ ദിയാ റീഹാബിലിറ്റേഷൻ ട്രസ്റ്റും സർക്കാരും കൈകോർത്താണ് ആദിവാസി കുടുംബങ്ങളെ ദുരിതത്തിൽ നിന്ന് കൈപിടിച്ചുയർത്തിയത്. ട്രസ്റ്റ് നൽകിയ ഒന്നര ഏക്കറിലാണ് ഭവന സമുച്ചയം ഒരുക്കിയത്. സംസ്ഥാന സർക്കാറിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് 68 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. വീടൊന്നിന് ആറു ലക്ഷം രൂപ വിനിയോഗിച്ചു. 430 സ്‌ക്വയർ ഫീറ്റുള്ള വീട്ടിൽ രണ്ട് കിടപ്പുമുറിയും,ഹാൾ,വരാന്ത, അടുക്കള,ബാത്ത്റൂം എന്നിവ അടങ്ങുന്നതാണ് വീട്.

ചടങ്ങിൽ ജില്ലാ കലക്ടർ അദീല അബ്ദുള്ള,മാനന്തവാടി തഹസിൽദാർ എൻ.ഐ.ഷാജു,തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ,വാർഡ് മെമ്പർ ശ്രീജറെജി തുടങ്ങിയവർ പങ്കെടുത്തു.