സുൽത്താൻ ബത്തേരി: വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നാടിന്റെ പൈതൃകവും ചരിത്രവും മനസ്സിലാക്കുവാനും പഠിക്കുവാനും വഴിയൊരുക്കി ബത്തേരി അസംപ്ഷൻ സ്‌കൂളിൽ ഇന്ന് മുതൽ ചരിത്ര മ്യൂസിയത്തിന് വാതിൽ തുറക്കും.

നാട്ടിൽ നിത്യോപയോഗത്തിലുണ്ടായിരുന്നതും അന്യംനിന്ന് പോയതുമായ പൈതൃക വസ്തുക്കളുടെ വിപുലമായ ശേഖരമാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. പൈതൃക മ്യൂസിയം ഇന്ന്
കാലത്ത് 11 മണിക്ക് പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പഴയകാല കാർഷിക ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഫോസിലുകൾ, നാണയങ്ങൾ,. സ്റ്റാമ്പുകൾ, ഓല എഴുത്താണികൾ, ക്ലോക്കുകൾ തുടങ്ങി അഞ്ഞൂറിലധികം സാധനങ്ങളുടെ വിപുലമായ ശേഖരമാണ് ചരിത്രാന്വേഷികൾക്കായി മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ചരിത്ര വസ്തുക്കൾ കണ്ടെത്തി അവ ശേഖരിച്ച് ഇത്തരത്തിലൊരു മ്യൂസിയം സ്‌കൂളിൽ തയ്യാറാക്കിയത്. ചരിത്ര അന്വേഷികൾക്ക് സന്ദർശിക്കാനും ഇവയെപ്പറ്റി പഠിക്കാനും വേണ്ട എല്ലാ സംവിധാനവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് മാത്രമല്ല എല്ലാ വിഭാഗം ജനങ്ങൾക്കും മ്യൂസിയം സന്ദർശിക്കുന്നതിന് വേണ്ട സൗകര്യമുണ്ട്.
സ്‌കൂളിന്റെ പഠനാന്തരീക്ഷത്തെ ബാധിക്കാത്തവിധമാണ് സ്‌കൂളിൽ മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.

എസ്.സി.ഇ.ആർ.ടി യുടെയും കേരള ചരിത്ര ഗവേഷണ വകുപ്പിന്റെയും അംഗീകാരം മ്യൂസിയത്തിന് ലഭിച്ചിട്ടുണ്ട്.

കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിൽ ബത്തേരിയിലുള്ള ജൈന ക്ഷേത്രം സന്ദർശിക്കുന്നതിനായി എത്തുന്നവർക്ക് പുരാതന പൈതൃക വസ്തുക്കൾ കാണുന്നതിനുള്ള
സൗകര്യം സ്‌കൂൾ അധികൃതർ ഒരുക്കുന്നുണ്ട്.

സ്‌കൂളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി.ടി.എ, സ്‌കൂൾ മാനേജ്‌മെന്റ് എന്നിവരുടെ സഹായത്തോടെയാണ് പൈതൃക
മ്യൂസിയം സ്ഥാപിച്ചത്.
വാർത്താ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ എൻ.യു.ടോമി, പി.ടി.എ പ്രസിഡന്റ് എം.എസ്.വിശ്വനാഥൻ, വൈസ് പ്രസിഡന്റ് സത്താർ, സ്റ്റാഫ് സെക്രട്ടറി ഷാജൻ, ഷാജി എന്നിവർ പങ്കെടുത്തു.