സുൽത്താൻ ബത്തേരി : ദേശീയ പാത 766-ൽ മൂലങ്കാവ് ടൗണിൽ നിന്ന് വള്ളുവാടി കരിപ്പൂർ റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലെ മുഴുവൻ കയ്യേറ്റങ്ങളും പൊളിച്ചുമാറ്റണമെന്ന് റോഡ് സംരക്ഷണ ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും ഉപയോഗിക്കുന്ന ലിങ്ക് റോഡിന്റെ കിഴക്കുഭാഗത്തുള്ള സ്വകാര്യ വ്യക്തിയാണ് റോഡ് കയ്യേറി വേലികെട്ടി സ്ഥലം കൈവശപ്പെടുത്തിയിരിക്കുന്നത്.

റോഡ് കയ്യേറ്റം സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി
നൽകിയെങ്കിലും പഞ്ചായത്ത് അധികൃതർ കയ്യേറ്റക്കാരനെ
സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കയ്യേറ്റം
സംബന്ധിച്ച് പരാതി നൽകിയ ഉടനെ സ്റ്റോപ്പ് മെമ്മോ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും കയ്യേറ്റക്കാരൻ വേലികെട്ടി സ്ഥലം
കൈവശപ്പെടുത്തുന്നത് വരെ കാത്ത് നിന്നതിന് ശേഷമാണ്
സ്റ്റോപ്പ് മെമ്മോ നൽകിയതെന്ന് ആക്ഷൻ കമ്മറ്റി കുറ്റപ്പെടുത്തി.
റോഡ് കയ്യേറ്റത്തിനെതിരെ മാനന്തവാടി ആർഡിഒയ്ക്കും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകുമെന്ന് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പി.എം.ജോർജ്, കെ.എം.പൗലോസ്, കെ.ജി.തങ്കപ്പൻ, കുമ്പിക്കൽ ജോർജ്, പി.എൻ.ഷാജി, ബിജു പൂളക്കര, യോഹന്നാൻ വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.