ഫറോക്ക്: കരുവൻതിരുത്തി മഠത്തിൽപാടത്ത് വെസ്റ്റ് നല്ലൂർ റോഡിൽ ചാത്തേങ്ങത്തറ ആസ്യയുടെ റോസ് മഹലിൽ വൻമോഷണം. സ്വർണ്ണാഭരങ്ങളും മൊബൈലുകളും വീടിന് മുന്നിൽ നിറുത്തിയിട്ട ഇരുചക്രവാഹനവും കളവ് പോയി. ഇന്നലെ പുലർച്ചെയാണ് മോഷണം. മരത്തിലൂടെ വീടിനു മുകളിൽ കയറിയാണ് മോഷ്ടാവ് അകത്തു കയറിയതെന്ന് സംശയിക്കുന്നു. വീട്ടിൽ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ മുകൾനിലയിലെ കോണിപ്പുരയുടെ വാതിൽ തുറന്നിട്ട നിലയിലായിരുന്നുവെന്നു വീട്ടുകാർ പറഞ്ഞു.
വീടിന് മുകളിലെത്തിയ മോഷ്ടാവ് ഈ വഴി താഴെത്തെ നിലയിലെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ആസ്യയയുടെ മകൾ ഫസീലയുടെ കാലിൽ അണിഞ്ഞിരുന്ന 8 പവൻ തൂക്കം വരുന്ന സ്വർണപാദസരം, ഒരു ലക്ഷം രൂപയോളം വിലവരുന്ന 4 മൊബൈൽ ഫോണുകൾ, വീടിന്റെ കാർ പോർച്ചിൽ നിറുത്തിയിട്ട ഹോണ്ട സ്‌കൂട്ടർ എന്നിവയാണ് കളവ് പോയത്. വീട്ടുടമയുടെ പരാതിയിൽ ഫറോക്ക് എസ് ഐ എം.സി ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ കെട്ടിടത്തിലെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.