കൽപ്പറ്റ: കേരള ആഗോള നിക്ഷേപ സംഗമത്തിൽ വയനാട് ചേംബർ ഓഫ് കൊമേഴ്സ് 150 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റോപ് വേ പദ്ധതിയുടെ ധാരണാ പത്രം മുഖ്യമന്ത്റി പിണറായി വിജയന് സമർർപ്പിച്ചു. വ്യവസായ മേഖലകളിൽ നിക്ഷേപം നടത്താൻ അവസരം ഒരുക്കിയതിന്റെ ഭാഗമായി കൊച്ചി ലുലു കൺവൻഷൻ സെന്ററിൽ നടന്ന അന്തർദേശീയ സമ്മേളനത്തിലാണ് ധാരണാപത്രം കൈമാറിയത്. ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, ഡോ.ഇ.പി.മോഹൻദാസ്, അഡ്വ. സി.സി.മാത്യു എന്നിവരാണ് ധാരണാപത്രം സമർപ്പിച്ചത്.
കോഴിക്കോട് ജില്ലയിലെ അടിവാരം മുതൽ വയനാട്ടിലെ ലക്കിടി വരെ 3.75 കിലോമീറ്റർ ദൈർഘ്യമുള്ള റോപ് വേയിൽ നാൽപ്പതോളം ക്യാബിനുകൾ ഉണ്ടാവും. പതിനഞ്ചു മുതൽ പതിനെട്ട് മിനുട്ടുകൾക്കുള്ളിൽ അടിവാരത്തു നിന്ന് ലക്കിടി വരെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ലക്കിടിയിൽ എത്തിച്ചേരാൻ പറ്റും.
ലക്കിടിയിൽ നിന്ന് വയനാട് ടൂറും സജ്ജീകരിക്കും.
ദക്ഷിണേന്ത്യയിലെ ഏറ്റവുന നീളമുള്ളതും നിരവധി സവിശേഷതകൾ ഉള്ളതുമായിരിക്കും ഈ റോപ് വേ.
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ടൂറിസം മേഖലയ്ക്ക് കുതിപ്പേക്കുന്ന ഈ പദ്ധതി വഴി ചുരത്തിലെ വാഹന ഗതാഗതം കുറയ്ക്കുവാനും ചുരത്തിൽ പതിവായുണ്ടാകുന്ന ബ്ളോക്കുകൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ചേമ്പർ ഭാരവാഹികൾ പറഞ്ഞു.
ചുരത്തിൽ മാർഗ തടസ്സം ഉണ്ടാവുമ്പോൾ അത്യാവശ്യമായി കോഴിക്കോട്ടേക്ക് കൊണ്ടുപോകേണ്ട രോഗികൾക്കായി പ്രത്യേക കാബിൻ ഇതിൽ സജ്ജീകരിക്കുമെന്നും പദ്ധതി എത്രയും വേഗം ആരംഭിക്കാനുള്ള നടപടിയെടുക്കമെന്നും അവർ അറിയിച്ചു.