മാനന്തവാടി: കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ജില്ലയിലുണ്ടായ പ്രളയത്തിൽ നാശനഷ്ടം നേരി​ട്ട കർഷകർക്ക് സർക്കാർ കണക്കാക്കിയ നഷ്ടപരിഹാരം പോലും ലഭ്യമാവാത്ത സാഹചര്യത്തി​ൽ നാശനഷ്ടം സംഭവിച്ച മുഴുവൻ കർഷകരെയും സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഫ്.ആർ.എഫ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2018 ലുണ്ടായ പ്രളയത്തിൽ നഷ്ടം സംഭവിച്ചവരുടെ മുഴുവൻ തുകയും ഇനിയും നൽകിയിട്ടില്ല. 2019 ലെ നഷ്ടം സംഭവിച്ചവരുടെ കണക്കെടുക്കുപ്പ് കൃഷിഭവനിലൂടെ നടത്തിയപ്പോൾ ചുരുങ്ങിയ തുക മാത്രമാണ് നഷ്ടമായി പരിഗണിച്ചത്. ഈ തുകയും നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.

പ്രളയബാധിതരെ സഹായിക്കാനായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരിൽനിന്നടക്കം സർക്കാർ ധനസമാഹരണം നടത്തിയിരുന്നു. എന്നാൽ ഈ തുകയിൽ നിന്നും കർഷകരെ സഹായിക്കാൻ തയ്യാറാവാത്തത് അവരോടുള്ള അവഗണനയാണ്.

കർഷക തൊഴിലാളി പെൻഷൻ കഴിഞ്ഞ കുറെ മാസങ്ങളായി വിതരണം ചെയ്യുന്നില്ല. സഹകരണ സ്ഥാപനങ്ങളും ബാങ്കും നടത്തുന്ന വായ്പാ അദാലത്തുകൾ പ്രഹസനമാവുകയാണ്.

പ്രളയ നഷ്ടം സംഭവിച്ച് കർഷകരെ സംഘടിപ്പിച്ചു കൊണ്ട് 16 ന് രാവിലെ ജില്ലാ കൃഷി ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എൻ.ജെ ചാക്കോ,ടി ഇബ്രാഹിം, എ.എൻ മുകുന്ദൻ,വിദ്യാധരൻ വൈദ്യർ,അപ്പച്ചൻ ചീങ്കല്ല് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.