കൽപ്പറ്റ: സുരക്ഷാ സംസ്‌കാരം ഉടലെടുക്കേണ്ടത് സ്‌കൂളുകളിൽ നിന്നാണെന്ന് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. സുരക്ഷാ സംസ്‌കാരം പഠിപ്പിച്ചാൽ മാത്രം പോരാ, സ്‌കൂൾ തന്നെ സുരക്ഷിതമാകണം. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ആർദ്രവിദ്യാലയം പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ അദ്ധ്യാപകർക്കു വേണ്ടി നടത്തുന്ന പരിശീലനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളുകളിൽ സുരക്ഷാ പദ്ധതി ഉണ്ടാക്കണം. മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവയ്‌ക്കെല്ലാം അതത് പ്രദേശത്തിന്റെ ഘടനയ്ക്കനുസരിച്ചാണ് സുരക്ഷ ക്രമീകരിക്കേണ്ടതും പരിശീലനം നൽകേണ്ടതുമെന്ന് തുമ്മാരുകുടി പറഞ്ഞു.

ജില്ലയിലെ 80,000 വിദ്യാർത്ഥികൾക്ക് പ്രഥമശുശ്രൂഷയിൽ പരിശീലനം നൽകുകയാണ് ലക്ഷ്യം. ജനുവരി 16 വരെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലന പരിപാടി സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ഓരോ വീട്ടിലും പ്രഥമശുശ്രൂഷ അറിയുന്ന ഒരാളെങ്കിലും ഉണ്ടാവുകയെന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. ആർ. രേണുക, ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ്, ഹെൽപ് ഫോർ ഹെൽപ് ലെസ് പ്രസിഡന്റ് ഡോ. മനു പി വിശ്വം, വൈസ് പ്രസിഡന്റ് ഡോ. കെ.ജി ജയൻ, സെക്രട്ടറി ജോസഫ് പടയാട്ടി, കെ.ജി. അനിൽകുമാർ, എം.കെ ശശി, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

ചിത്രം

ജില്ലയിലെ അദ്ധ്യാപകർക്കുള്ള പ്രഥമശുശ്രൂഷാ പരിശീലന പരിപാടിയിൽ ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി അദ്ധ്യാപകരുമായി സംവദിക്കുന്നു