ummerkoya

കോഴിക്കോട്: ചെസ് ലോകം മാസ്റ്റർ ചെസ് എന്ന് ആദരവോടെ വിളിച്ചിരുന്ന പി.ടി. ഉമ്മർ കോയ വിടപറഞ്ഞത് ഏറെ കാലമായി മനസിൽ താലോലിച്ച ഒരു സ്വപ്നം അവശേഷിപ്പിച്ചാണ്. കോഴിക്കോട് ആസ്ഥാനമാക്കി അന്താരാഷ്ട്ര നിലവാരത്തിൽ ചെസ് അക്കാഡമി സ്ഥാപിക്കണമെന്ന സ്വപ്നമായിരുന്നു രോഗശയ്യയിലും അദ്ദേഹത്തെ മുന്നോട്ട് നയിച്ചിരുന്നത്. എന്നാൽ ആഗ്രഹ പൂർത്തീകരണത്തിന് മുമ്പ് വിധി അദ്ദേഹത്തോട് ചെക്ക് പറയുകയായിരുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ ഓപ്പറേറ്ററിൽ നിന്ന് ചതുരംഗക്കളത്തിലെ സൂക്ഷമ നീക്കങ്ങൾ പോലെ മുന്നേറി ലോക ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പദവിയിൽ വരെ എത്തിയ പി.ടി. ഉമ്മർ കോയയുടെ വളർച്ച സമാനതകൾ ഇല്ലാത്തതായിരുന്നു. ഇന്ത്യൻ ചെസിന്റെ രക്ഷാധികാരിയെയാണ് നഷ്ടമായതെന്ന ഓൾ ഇന്ത്യ ചെസ് ഫെഡറേഷന്റ കുറിപ്പിലുണ്ട് പി.ടി. ഉമ്മർ കോയ എന്ന മനുഷ്യൻ ഇന്ത്യൻ ചെസിന് നൽകിയ സംഭാവനയുടെ ആഴം.

മലപ്പുറം ജില്ല ചെസ് ചാമ്പ്യനായാണ് അദ്ദേഹം ചെസ് മത്സര രംഗത്ത് ചുവട് ഉറപ്പക്കുന്നത്. പിന്നീട് സംഘാടന രംഗത്തേക്ക് ചുവടുവെച്ചതോടെ മാറി മറി‌ഞ്ഞത് ഇന്ത്യൻ ചെസിന്റെ ചരിത്രം. ലോക ചെസ് ഫെഡറേഷന്റെ തലപ്പത്ത് വരെ എത്തിയ തുടക്കമായിരുന്നു അത്.

ദേശീയ ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെയുള്ള പല മത്സരങ്ങളും കേരളത്തിൽ പ്രത്യേകിച്ച് കോഴിക്കോട്ട് സംഘടിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വലുതായിരുന്നു. 1989,1991,1993,1997 വർഷങ്ങളിൽ ദേശീയ ചാമ്പ്യൻഷിപ്പുകളും രണ്ട് തവണ ലോക ജൂനിയർ ചാമ്പ്യൻഷിപ്പുകളും കോഴിക്കോട് നടത്തുന്നതിൽ അദ്ദേഹമായിരുന്നു നേതൃത്വം നൽകിയത്. ഇന്ത്യൻ ചെസ് മേഖല ആദ്യമായി ആനുകാലിക പ്രസിദ്ധീകരണം തുടങ്ങിയതും ആദ്യ ചെസ് അക്കാഡമി കോഴിക്കോട് ആരംഭിച്ചതും ഇദ്ദേഹത്തിന്റെ മികച്ചസംഭാവനകളായിരുന്നു.

ആൾ ഇന്ത്യാ ചെസ് ഫെഡറേഷന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് വർഷങ്ങളോളം നീണ്ട കോടതി നടപടികളിൽ അദ്ദേഹം വിജയം നേടി. വിശ്വനാഥൻ ആനന്ദ് ആദ്യ ലോക കിരീടം നേടി ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ എത്തിച്ച് ഇന്ത്യൻ ചെസിന്റെ രക്ഷാധികാരിക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷമായി. ആനന്ദിനെക്കുറിച്ച് പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. ലോക ചെസ് ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ സംഘടിപ്പിച്ചപ്പോൾ ഒഴിവാക്കപ്പെട്ടതിന്റെ കണ്ണീർ ഓർമയും സുഹൃത്തുക്കൾ പങ്കുവെച്ചു. കാലമെത്ര കഴിഞ്ഞാലും പി.ടി ഉമ്മർ കോയയുടെ ശൂന്യത ചെസ് രംഗത്തിനും ആരാധകർക്കും നികത്താനാകാത്ത വിടവാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, മിസോറാം ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള തുടങ്ങിയവർ അനുശോചിച്ചു. ഉമ്മർകോയയുടെ വിയോഗം ചെസ് ലോകത്തിന് വലിയ നഷ്ടമാണെന്ന് അഖിലേന്ത്യാ ചെസ് ഫെഡറേഷൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.