കോഴിക്കോട്: സി.എ.എ വിരുദ്ധ സമരങ്ങളുടെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവും സുപ്രിംകോടതി അഭിഭാഷകനുമായ കപിൽ സിബൽ ശനിയാഴ്ച കോഴിക്കോട് യു.ഡി.എഫ് മഹാറാലിയെ അഭിസംബോധന ചെയ്യും. ഒരു ലക്ഷം പേർ അണിനിരക്കുന്ന റാലിയിൽ രാഷ്ട്രീയ-മത-സാംസ്‌കാരിക മേഖലകളിലെ പ്രമുഖ നേതാക്കൾ സംബന്ധിക്കും. 'ഇന്ത്യയെ കാക്കാൻ, ഭരണഘടന സംരക്ഷിക്കാൻ' എന്ന പ്രമേയത്തിലാണ് പരിപാടി. വൈകുന്നേരം മൂന്നു മണിക്ക് മുഹമ്മദലി കടപ്പുറത്തുനിന്ന് (സൗത്ത് ബീച്ച്) ആരംഭിക്കുന്ന റാലി ബീച്ചിലെ ഓപ്പൺ സ്റ്റേജിനടുത്ത് സമാപിക്കും. ഇതുസംബന്ധിച്ച് ചേർന്ന സംഘാടക സമിതി യോഗത്തിൽ ചെയർമാൻ ഡോ. എം.കെ മുനീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർമാരായ അഡ്വ. ടി. സിദ്ദീഖ്, എൻ. സുബ്രഹ്മണ്യൻ, ട്രഷറർ എം.എ റസാഖ് , ഉമർ പാണ്ടികശാല, എൻ.സി അബൂബക്കർ, കെ. മൊയ്തീൻ കോയ തുടങ്ങിയവർ സംബന്ധിച്ചു.