# നവീകരണത്തിന് ചെലവഴിച്ചത് ഏഴ് കോടി രൂപ

# എന്നിട്ടും പ്രൗഢി വീണ്ടെടുക്കാൻ സാധിച്ചില്ല
# സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് ദോഷം
# പരിപാലനം കോർപ്പറേഷൻ ശരിയായി നടത്തണം

കോഴിക്കോട്: മിഠായിത്തെരുവ് പരിപാലനം സ്വകാര്യമേഖലയ്ക്ക് കൈമാറാൻ കോർപ്പറേഷൻ തീരുമാനം. പരിപാലനം സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനായി സ്വകാര്യ ഏജൻസികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.
2017 ഡിസംബർ 23 നാണ് ഏഴ് കോടി രൂപ ചെലവഴിച്ച് നടത്തിയ മിഠായിത്തെരുവ് നവീകരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.

ഡി.ടി.പിസിയുടെ സഹകരണത്തോടെയാണ് നവീകരണം പൂർത്തിയാക്കിയത്. തുടർന്നുള്ള പരിപാലനത്തിന്റെ കാര്യത്തിൽ കോർപ്പറേഷൻ പരാജയപ്പെട്ടു. മിഠായിതെരുവ് പരിപാലനം സ്വകാര്യ ഏജൻസിക്ക് കൈമാറുന്നതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് ദോഷം ചെയ്യുമെന്ന് അവർ ആരോപിച്ചു. ഗതാഗതം നിയന്ത്രിച്ചതിനാൽ വ്യാപാരികൾ ദുരിതത്തിലാണ്. പരീക്ഷണമെന്ന നിലയിൽ വാഹനഗതാഗതം നിരോധിച്ചത് ആറു മാസത്തേക്കായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷം പിന്നിട്ടിട്ടും നിരോധനം നീക്കിയില്ലെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. എന്നാൽ താൽപര്യപത്രം ക്ഷണിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മറ്റുള്ള കാര്യങ്ങളെല്ലാം കൗൺസിൽ യോഗം ചർച്ച ചെയ്താണ് തീരുമാനിക്കുകയെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.

വിളക്കുകൾ സ്ഥാപിക്കുക, ശൗചാലയങ്ങൾ പണിയുക, മ്യൂസിക് സിസ്റ്റം സ്ഥാപിക്കുക, സെക്യൂരിറ്റി സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് താൽപര്യപത്രം ക്ഷണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിഠായിത്തെരുവിന്റെ പരിപാലനം കൃത്യമായി നടക്കുന്നില്ലെങ്കിൽ അത് പരിഹരിക്കുകയാണ് വേണ്ടതെന്ന് നമ്പിടി നാരായണൻ പറഞ്ഞു. സ്വകാര്യ ഏജൻസിക്ക് കൈമാറുന്നതിലൂടെ പരസ്യത്തെരുവായി മിഠായിതെരുവ് മാറുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യ ഏജൻസികളെ ക്ഷണിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് അഡ്വ. പി.എം. നിയാസ് പറഞ്ഞു. ഏഴുകോടി രൂപ ചെലവഴിച്ചിട്ടും മിഠായിതെരുവിന്റെ പ്രൗഢി വീണ്ടെടുക്കാൻ സാധിച്ചില്ലെന്നത് ഖേദകരമാണെന്നും കോർപ്പറേഷൻ ഭരണാധികാരികളുടെ കുറ്റസമ്മതമായി മാത്രമേ ഇതിനെ കാണാനാവൂവെന്നും സയ്യിദ് മുഹമ്മദ് ഷമീൽ പറഞ്ഞു. ആയിരത്തിലേറെ ജീവനക്കാരും ജനപ്രതിനിധികളും മറ്റും ഉണ്ടായിട്ടും മിഠായിത്തെരുവിനെ സംരക്ഷിക്കാൻ സാധിക്കാതെ പോയത് ശരിയായില്ലെന്ന് എം. കുഞ്ഞാമുട്ടി പറഞ്ഞു.

കോർപ്പറേഷൻ നേരിട്ട് തന്നെ മിഠായിത്തെരുവിന്റെ പരിപാലനവും സംരക്ഷണവും ഏറ്റെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.മിഠായിത്തെരുവിന്റെ പരിപാലനം ശരിയായി നടക്കാത്തതിനാൽ കോർപ്പറേഷൻ ഏറെ പഴി കേൾക്കുന്നുണ്ട്. പുതുതായി സ്ഥാപിച്ച അലങ്കാര വിളക്കുകൾ പോലും കത്തുന്നില്ല. ശൗചാലയങ്ങളും നിർമിച്ചിട്ടില്ല.
വെള്ളയിൽ ജി.എൽ.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് കെട്ടിടം നിർമിക്കാൻ സൗകര്യമൊരുക്കണമെന്ന് സൗഫിയ അനീഷ് ശ്രദ്ധ ക്ഷണിച്ചു. ഈ വിഷയത്തിൽ എം.എൽ.എ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, പി.ടി.എ എന്നിവരുടെ യോഗം തന്റെ നേതൃത്വത്തിൽ വിളിച്ചുചേർക്കുമെന്ന് മേയർ അറിയിച്ചു.

''മിഠായിത്തെരുവിന്റെ പരിപാലനം കൃത്യമായി നടക്കുന്നില്ലെങ്കിൽ അത് പരിഹരിക്കുകയാണ് വേണ്ടത്.സ്വകാര്യ ഏജൻസിക്ക് കൈമാറുന്നതിലൂടെ മിഠായിതെരുവ് പരസ്യത്തെരുവായി മാറും."- നമ്പിടി നാരായണൻ .

''താൽപര്യപത്രം ക്ഷണിക്കുക മാത്രമാണ് ചെയ്യുന്നത്. മറ്റുള്ള കാര്യങ്ങളെല്ലാം കൗൺസിൽ യോഗം ചർച്ച ചെയ്താണ് തീരുമാനിക്കുക"- മേയർ തോട്ടത്തിൽ രവീന്ദ്രൻ .