കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഴിഞ്ഞ ദിവസം 608 കിലോ പഴകിയ കോഴി ഇറച്ചി പിടിച്ചതുമായി ബന്ധപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാന് കത്തെഴുതുമെന്ന് മേയർ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ട്രെയിനിലാണ് പഴകിയ മാംസം എത്തിയത്. കൃത്യമായ മേൽവിലാസം പോലും ഇല്ലായിരുന്നു. മാംസം കൊണ്ടു പോകാനെത്തിയ ഗുഡ്‌സ് ഓട്ടോറിക്ഷ കണ്ടെത്തിയ പ്രകാരം മഞ്ചേരിയിലുള്ള ആളുടേതാണെന്ന സംശയത്തിലാണ്. കൗൺസിലർമാരായ കെ.എം. റഫീഖ്, എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ എന്നിവരാണ് ഇത്തരത്തിൽ കച്ചവടം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടത്. ആവശ്യമായ രേഖകൾ പോലും ഇല്ലാതെയാണ് ഇത്തരം ഇറച്ചി കൊണ്ടു വരുന്നതെന്ന് ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. ബാബുരാജ് പറഞ്ഞു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനും സിറ്റി പൊലീസ് കമ്മീഷണർക്കും കത്ത് നൽകിയിട്ടുണ്ടെന്ന് ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ്. ഗോപകുമാർ യോഗത്തെ അറിയിച്ചു.