സുൽത്താൻ ബത്തേരി: രാത്രിയാത്രാ നിരോധന കേസിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്യാൻ പോകുന്ന പുതിയ സത്യവാങ്മൂലത്തിലൂടെ കേരളാ സർക്കാർ വീണ്ടും വയനാടിനെ വഞ്ചിക്കുന്നതായി നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റി.
വയനാട്ടിലെ ജനപ്രതിനിധികളുമായി ആലോചിച്ചേ സത്യവാങ്മൂലം ഫയൽ ചെയ്യൂ എന്ന് ഉറപ്പു നൽകിയതനുസരിച്ച് ഡിസംബർ 12ന് വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗം ഗതാഗത വകുപ്പ് മന്ത്രി സി.കെ.ശശീന്ദ്രൻ വിളിച്ചുചേർത്തിരുന്നു. എന്നാൽ യോഗം ചേരുന്നതിന് 2 ദിവസം മുമ്പുതന്നെ ബദൽപാതയ്ക്ക് അനുകൂലമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെത്തുടർന്നാണ് പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യാമെന്ന് സർക്കാർ അറിയിച്ചത്.
ഈ സത്യവാങ്മൂലത്തിന്റെ കരട് പുറത്തായപ്പോൾ ആദ്യ സത്യവാങ്മൂലത്തേക്കാൾ ഗുരുതരമായ പിഴവുകൾ പുറത്തായിരിക്കുകയാണ്.
കഴിഞ്ഞ ഓഗസ്റ്റിലെ ഉത്തരവിൽ രാത്രിയാത്രാ നിരോധനം തുടരണമെന്നും ബദൽ പാത മാത്രമേ പരിഗണിക്കൂ എന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ കുട്ട-ഗോണിക്കുപ്പ ബദൽ പാത നേടിയെടുക്കാനുള്ള നീക്കമാണ് പുതിയ സത്യവാങ്മൂലത്തിലൂടെ സർക്കാർ നടത്തുന്നതെന്ന് ആക്ഷൻ കമ്മറ്റി ആരോപിച്ചു.
കൽപ്പറ്റ-മാനന്തവാടി-കുട്ട-ഗോണിക്കുപ്പ-മൈസൂർ റോഡിനെ വനമില്ലാത്ത പാതയാണെന്ന് സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ബദൽ പാതയായി നിർദ്ദേശിക്കാവുന്ന കൽപ്പറ്റ-മാനന്തവാടി-ബാവലി-മൈസൂർ റോഡ് വനത്തിലൂടെയാണെന്ന് പുതിയ സത്യവാങ്മൂലത്തിൽ പറയുന്നു. കൽപ്പറ്റ-മാനന്തവാടി -കുട്ട-ഗോണിക്കുപ്പ-ഹുൻസൂർ-ബാംഗ്ലൂർ റോഡും കൽപ്പറ്റ-പനമരം-പയ്യമ്പള്ളി- കാട്ടിക്കുളം-കുട്ട-ഗോണിക്കുപ്പ-ഹുൻസൂർ-ബാംഗ്ലൂർ റോഡും വനമില്ലാത്ത പാതയാണ് എന്നാണ് പുതിയ സത്യവാങ്മൂലത്തിൽ നിർദ്ദേശിക്കുന്നത്.
മാനന്തവാടി-ബാവലി- മൈസൂർ റോഡ് നിലവിൽ രാത്രിയാത്രാ നിരോധനമുള്ള പാതയാണ്.
ദേശീയപാത 766 8 കി.മി വയനാട് വന്യജീവി സങ്കേതത്തിലും 24 കി.മി ബന്ദിപ്പൂർ കടുവാ സങ്കേതത്തിലുമാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കുടകു വഴി മൈസൂറിലേക്കുള്ള നാലുവരിപ്പാതക്കുവേണ്ടി ദേശീയപാത 766 അടച്ചുപൂട്ടി പുതിയ ബദൽ റോഡ് കൊണ്ടുവരാനുള്ള ആസൂത്രിത നീക്കമാണ് ഒരു ലോബി നടത്തിക്കൊണ്ടിരിക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി. നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാത അട്ടിമറിച്ചതും തലശ്ശേരിയിൽനിന്ന് കുടകു വഴി മൈസൂറിലേക്ക് റെയിൽപാത കൊണ്ടുവന്ന് കണ്ണൂർ വിമാനത്താവളത്തിന് സൗകര്യമൊരുക്കാനായിരുന്നു. ഈ നടപടികൾക്കെതിരെ ശക്തമായ ജനരോഷം ഉയരണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
അഡ്വ:ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാൽ, എം.എ.അസൈനാർ, ലക്ഷ്മൺദാസ്, ജേക്കബ് ബത്തേരി, പി.വൈ.മത്തായി, ജോസ് കപ്യാർമല, സി.കെ.ഹാരിഫ്, അബ്ദുൾ റസാഖ്, അനിൽ, ഇ.പി.മുഹമ്മാദലി, മോഹൻ നവരംഗ് എന്നിവർ പ്രസംഗിച്ചു.