മീനങ്ങാടി: മലബാർ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ശാമുവേൽ മോർ പീലക്സീനോസിന്റെ മുപ്പത്തിയഞ്ചാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് മീനങ്ങാടി കത്തീഡ്രൽ നിർമ്മിച്ചു നൽകുന്ന പത്തൊൻപതാമത് വീടിന്റെ താക്കോൽ ദാനം അനുസ്മരണ സമ്മേളനത്തിൽ വെച്ച് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കുമെന്ന് വികാരി ഫാ. ബാബു നീറ്റുംകര അറിയിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഓരോ വീടുകൾ എല്ലാ വർഷവും ഇടവകയുടെ നേതൃത്വത്തിൽ നൽകിവരുന്നുണ്ട്. 16,17 തീയതികളിൽ നടത്തുന്ന പെരുന്നാളിന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളിക്കാർപ്പോസ് പ്രധാന കാർമ്മികത്വം വഹിക്കും. ഇന്ന് അഞ്ച് മണിക്ക് കൊടി ഉയർത്തും. 17ന് 7.30 ന് പ്രഭാത പ്രാർത്ഥന, 8.15 ന് മലബാർ ഭദ്രാസനത്തിലെ വിവിധ പളളികളിൽ നിന്നുള്ള തിർത്ഥയാത്രാസംഘങ്ങൾക്ക് സ്വീകരണം, 8-30 ന് വി.കുർബ്ബാന. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളിക്കാർപ്പോസ് ഉദ്ഘാടനം ചെയ്യും. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ മുഖ്യ സന്ദേശം നൽകും മൽസര വിജയികൾക്കുളള സമ്മാനദാനം നേർച്ച, പൊതുസദ്യ, കൊടി ഇറക്കൽ എന്നിവയോടെ പെരുന്നാൾ സമാപിക്കും. പെരുന്നാളിനോടനുബന്ധിച്ച് ചിത്രരചനാ മൽസരം, വിളംബര ജാഥ എന്നിവ സംഘടിപ്പിച്ചു.