കോഴിക്കോട്:പൗരത്വം തെളിയിക്കാൻ സാധിക്കാത്തവർക്കായി അസാമിൽ ആറ് തടങ്കൽ പാളയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവിടങ്ങളിലെ ജീവിതം ജയിലിനേക്കാൾ ഭയാനകമാണെന്നും പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് പറഞ്ഞു.
പീപ്പിൾ എഗെയ്ൻസ്റ്റ് ഫാസിസത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ഫാസിസ്റ്റ് വിരുദ്ധ പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പുരോഗമന കേരളം അസാമിൽ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിച്ചില്ല.താഴെക്കിടയിലെ ഉദ്യോഗസ്ഥരാണ് പൗരത്വം സംബന്ധിച്ച് വീടുകളിൽ നിന്ന് വിവരം ശേഖരിക്കുന്നത്. ഇവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടില്ലെങ്കിൽ പൗരത്വം തെളിയിക്കാൻ നിങ്ങൾക്ക് ഒരു മാസം സമയം തരും.ഈ സമയ പരിധിക്കുള്ളിൽ പൗരത്വം തെളിയിക്കാനായില്ലെങ്കിൽ നിങ്ങളെ തടങ്കൽ പാളയത്തിലേക്ക് മാറ്റും.കുടുംബാംഗങ്ങൾ തമ്മിൽ കാണാൻ പോലും സാധിക്കില്ല.
പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് എല്ലാവർക്കും തുല്യത എന്ന ഭരണഘടനാ തത്ത്വത്തിന് വിരുദ്ധമായ നടപടിയാണ്.ഇതിനെ കോടതിയിൽ ചോദ്യം ചെയ്യാൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കോടതിയിൽ മാത്രം ചോദ്യം ചെയ്താൽ പോരാ. തെരുവിലും നേരിടണം. മുസ്ളിംങ്ങൾ മാത്രമല്ല ലക്ഷ്യം.ദളിത്, ആദിവാസികൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടും അവർ പറഞ്ഞു.
അടിയന്തരാവസ്ഥയേക്കാൾ ഭീതിജനകമായ അവസ്ഥയാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രശസ്ത സാഹിത്യകാരൻ എം.എൻ കാരശേരി പറഞ്ഞു. അഡ്വ. പി കുമാരൻ കുട്ടി ആമുഖ പ്രഭാഷണം നടത്തി.സിനിമാ നടൻ ജോയ് മാത്യു, പ്രശസ്ത ചരിത്രകാരൻ എം.ജി.എസ് നാരായണൻ, മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, കെ.അജിത, വി.പി സുഹറ, കെ.എൻ രാമചന്ദ്രൻ, കെ.എം സലിം കുമാർ, കെ.എസ് അജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.