കോഴിക്കോട്: സേവനാവകാശ നിയമത്തിന്റെ ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് നിയമസഭാസമിതി തെളിവെടുപ്പ് നടത്തി. റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി എന്നീ വകുപ്പുകളിൽ 2012 ലെ സംസ്ഥാന സേവനാവകാശ നിയമത്തിന്റെ ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുകയും ചെയ്തു. നിയമസഭാ സമിതി ചെയർമാൻ മുരളി പെരുനല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ എം.എൽ.എമാരായ എൻ. ഷംസുദ്ദീൻ, ജി.എസ്. ജയലാൽ, കെ.ഡി പ്രസേനൻ എന്നിവർ നേതൃത്വം നൽകി.
സേവനാവകാശ നിയമത്തെ കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധമുണ്ടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷകൾ സ്വീകരിക്കുന്നതിന് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം കാര്യക്ഷമമാക്കണമെന്നും സമിതി അംഗങ്ങൾ നിർദ്ദേശം നൽകി. ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകൾക്ക് കൃത്യമായി ചട്ടപ്രകാരമുള്ള രശീത് നൽകണം. എല്ലാ ഓഫീസുകളിലും ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.
റവന്യൂ വകുപ്പ് മുഖേന നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റ്, സോൾവൻസി സർട്ടിഫിക്കറ്റ്, പട്ടികജാതി- പട്ടിക വർഗക്കാർക്കുള്ള ജാതി സർട്ടിഫിക്കറ്റ്, പോക്കുവരവ് തുടങ്ങിയ സേവനങ്ങൾ സംബന്ധിച്ച് വിജ്ഞാപനത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് അഭിപ്രായപ്പെട്ടു. ദുരിതാശ്വസ സേവനങ്ങൾ, ഭൂമിയുടെ ന്യായവില പുനർനിർണയം തുടങ്ങിയ കാര്യങ്ങൾ സേവനാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിന് ശുപാർശ ചെയ്യുമെന്ന് അറിയിച്ചു. കെട്ടിട നിർമ്മാണ പെർമിറ്റ്, ക്ഷേമ പെൻഷൻ തുടങ്ങിയവ പൗരാവകാശ രേഖയിൽ ഉൾപ്പെട്ടതാണെങ്കിലും സേവനാവകാശ പരിധിയിൽ കൂടി വരേണ്ടതാണെന്നും സമിതി അഭിപ്രായപ്പെട്ടു.
വിവരാവകാശ നിയമം പോലെ സേവനാവകാശ നിയമത്തിനും അന്തിമ അപ്പീൽ പരിഗണിക്കുന്നതിന് ജുഡീഷ്യൽ കമ്മീഷൻ വേണമെന്നും പിഴ തുക വർധിപ്പിക്കണമെന്നും തെളിവെടുപ്പിനിടെ പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ സാംബശിവ റാവു, നിയമസഭാ സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറി എം.എസ് ശ്രീകുമാർ, ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.