മാനന്തവാടി: നഗരസഭാ പരിധിയിലെ 7,9 വാർഡുകൾ ഉൾപ്പെടുന്ന ഒണ്ടയങ്ങാടി, എടപ്പടി, മൊട്ട റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടിയില്ല. 2013 ൽ പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 2.833 കി. മീറ്റർ ടാർ ചെയ്യുന്നതിന് പ്രവർത്തനാനുമതി ലഭിച്ചിരുന്നു. സാങ്കേതിക കാരണങ്ങൾ ഉന്നയിച്ച് 1.400 കി. മീ മാത്രമെ പ്രവർത്തി പൂർത്തീകരിച്ചുള്ളൂ. ഇതിന് വേണ്ടി തന്നെ 8 വർഷം നാട്ടുകാർ സമരം ചെയ്യേണ്ടിവന്നു. തുടർന്നുള്ള ഭാഗം നഗരസഭ പൂർത്തീകരിക്കുമെന്ന് ചെയർമാൻ ഉൾപ്പെടെയുള്ളവർ വാക്ക് നൽകിയിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ല.

നിരവധി കുടുംബങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. രോഗികളും, വയോവൃദ്ധരും, വിദ്യാർത്ഥികളുമെല്ലാം യാത്രചെയ്യുന്ന റോഡാണിത്. റോഡ് സോളിംഗ് പോലും നടത്തിയിട്ട് 25 വർഷമായി. ഈ റോഡിലൂടെ കാൽനടയാത്ര പോലും പ്രയാസമാണ്. രണ്ട് പ്രളയങ്ങൾക്ക് ശേഷം റോഡ് പാടെ തകർന്നു. പേരിന് മാത്രമേ ഇപ്പോൾ റോഡ് ഉള്ളൂ. മാനന്തവാടി നഗരസഭയെയും തിരുനെല്ലി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. വനരഹിത റോഡുമാണ് ഇത്.

റോഡിന്റെ കാര്യത്തിൽ ഉടനടി പരിഹാരമുണ്ടായില്ലെങ്കിൽ
നഗരസഭയ്ക്ക് മുമ്പിൽ കുത്തിയിരുപ്പ് സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സുനിൽ പൊതുവാൾ, ജോസ് ആർട്ടോൺ, ജിൽസ് ഫാന്റസി, വി.എ അജയകുമാർ എന്നിവർ പങ്കെടുത്തു.