സുൽത്താൻ ബത്തേരി: ദേശീയ പാത 766-ന്റെയും നഞ്ചൻകോട് -വയനാട്- നിലമ്പൂർ റെയിൽപാതയുടെയും കാര്യത്തിൽ സർക്കാർ വയനാടൻ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്നും, ഒരു റിയൽ എസ്റ്റേറ്റ്കാരന്റെയും റിട്ട സർക്കാർ ഉദ്യോഗസ്ഥന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ ലോബിക്ക് സർക്കാർ കീഴടങ്ങിയിരിക്കുകയാണന്നും നഞ്ചൻകോട് വയനാട്-നിലമ്പൂർ റെയിൽവേ ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താ
സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
രാത്രിയാത്ര നിരോധന കേസ്സിൽ സുപ്രീം കോടതിയിൽ കുട്ട-ഗോണിക്കുപ്പ ബദൽ പാതയ്ക്ക് വേണ്ടി കേരള സർക്കാർ പരസ്യ നിലപാട് എടുക്കുകയാണ് ചെയ്തത്. നഞ്ചൻകോട് ബത്തേരി നിലമ്പൂർ റെയിൽപാത അട്ടിമറിച്ച് തലശ്ശേരി -മൈസൂർ റെയിൽപാത കൊണ്ടുവരാൻ കണ്ണൂർ ലോബി നടത്തുന്ന ശ്രമങ്ങൾക്ക് സമാനമാണ് ഇതും.
രണ്ട് മന്ത്രിമാരും ജനപ്രതിനിധികളും പൊതുസമൂഹവും രാത്രി യാത്ര നിരോധനത്തിനെതിരെ രംഗത്ത് വന്നപ്പോഴാണ് ഉദ്യോഗസ്ഥ ലോബി അഫിഡവിറ്റ് നൽകുന്നതിന് നിശ്ചയിച്ച തീയ്യതിക്ക് രണ്ട് ദിവസം മുമ്പ് തന്നെ ബദൽ പാതയ്ക്ക് അനുകൂലമായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
പുതിയ സത്യവാങ്മൂലത്തിനായി സംസ്ഥാന സർക്കാർ
നൽകിയ കരടിൽ ബദൽ പാതയ്ക്കാണ് മുൻഗണന നൽകുന്നത്. പനമരം കുട്ട,ഗോണിക്കുപ്പ വഴി പുതിയൊരു ബദൽപാത കൂടി നിർദ്ദേശിച്ചിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന ബദൽ പാത തന്നെയാണ് കുട്ട ഗോണികുപ്പ റോഡ്. ഇതിന്റെ തുടക്കത്തിൽ രണ്ട് സ്ഥലനാമം കൂടി ചേർത്ത് സുപ്രീം കോടതിയെ കബളിപ്പിക്കാനാണ് നീക്കം.

വയനാടിന്റെ സ്വപ്ന പദ്ധതിയായ നഞ്ചൻകോട് വയനാട് -നിലമ്പൂർ റെയിൽപാതയും ദേശീയ പാത 766-ലെ രാത്രിയാത്ര നിരോധനം പിൻവലിക്കാനുള്ള നീക്കവും അട്ടിമറിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ആവശ്യമായിരിക്കുകയാണ്.

ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം മൂന്ന് മണി മുതൽ ബത്തേരി സ്വതന്ത്ര മൈതാനിയിൽ ജനകീയ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ അഡ്വ.ടി.എം.റഷീദ്,വിനയകുമാർ അഴിപ്പുറത്ത്, അഡ്വ.പി.വേണുഗോപാൽ, നാസർ കാസിം എന്നിവർ പങ്കെടുത്തു.